യൂറോപ്പിന്റെ ഉപരോധത്തിന് റഷ്യ മറുപടി നല്‍കാനൊരുങ്ങുന്നു
Wednesday, August 6, 2014 8:08 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ ഉക്രെയ്ന്‍ പ്രശ്നത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ശക്തമായ മറുപടി നല്‍കാന്‍ റഷ്യ തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ വിമാനങ്ങള്‍ക്ക് റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിക്കുന്നത് അടക്കമുള്ള നടപടികളാണ് പരിഗണനയില്‍.

പാശ്ചാത്യരാജ്യങ്ങളുടെ വിമാനങ്ങള്‍ നിയന്ത്രിക്കണോ, അതോ പൂര്‍ണമായി നിരോധിക്കണോ എന്നു മാത്രമാണത്രെ റഷ്യയ്ക്ക് തീരുമാനിക്കാനുള്ളത്. രണ്ടായാലും യൂറോപ്യന്‍ വിമാനക്കമ്പനികളെ ഇതു സാരമായി ബാധിക്കും.

നിരോധനം വരുമ്പോള്‍ റഷ്യയിലേക്കു പോകുന്ന വിമാനങ്ങള്‍ മാത്രമല്ല നിരോധിക്കപ്പെടുക, റഷ്യയുടെ മുകളിലൂടെ പറക്കാനുള്ള അനുമതി തന്നെയാകും നിഷേധിക്കപ്പെടുക. ഇങ്ങനെ വന്നാല്‍, യൂറോപ്പില്‍നിന്ന് ഏഷ്യയിലേക്കു പോകാനുള്ള ദൂരവും സമയവും ചെലവും വര്‍ധിക്കും. മൂന്നു മാസം നിരോധനം തുടര്‍ന്നാല്‍ ഒരു ബില്യന്‍ യൂറോയുടെ നഷ്ടം സംഭവിക്കുമെന്നാണ് എയര്‍ ഫ്രാന്‍സും ബ്രിട്ടീഷ് എയര്‍വേയ്സും കണക്കാക്കുന്നത്.

എന്നാല്‍, റഷ്യന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയമോ സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയോ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. നിരോധനം ഏര്‍പ്പെടുത്തിയാല്‍ ഓവര്‍ഫ്ളൈറ്റ് ചാര്‍ജ് ഇനത്തില്‍ റഷ്യയ്ക്കു കിട്ടുന്ന 55 മില്യന്‍ യൂറോയും മൂന്നു മാസത്തേക്ക് നഷ്ടമാകും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍