ജര്‍മനിയില്‍ വിദേശികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് സോഷ്യലിസ്റ് നേതാവ്
Tuesday, August 5, 2014 8:11 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ ജോലി ചെയ്ത് ജീവിക്കുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന എല്ലാ വിദേശികള്‍ക്കും രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനും അവകാശമുണ്ടെന്ന് സോഷ്യല്‍ ഡെമോക്രാറ്റി പാര്‍ട്ടി വൈസ് പ്രസിഡന്റ് റാല്‍ഫ് സ്റെഗ്നര്‍.

രാജ്യത്തെ ഇലക്ഷന്‍ നടപടിക്രമങ്ങള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെടുന്ന കാമ്പയിന് വലിയ പ്രചോദനമാണ് സ്റ്റെഗ്നറുടെ പിന്തുണ. മെര്‍ക്കല്‍ ഭരണകൂടത്തിലെ വിശാലമുന്നണി കൂട്ടുകക്ഷിയാണ് എസ്പിഡി (സോഷ്യലിസ്റ് ഡമോക്രാറ്റിക് പാര്‍ട്ടി).

ഏറ്റവും നിര്‍ണായകമായ സിവില്‍ അവകാശം എന്തിനാണ് വിദേശികള്‍ക്ക് നിഷേധിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. മുനിസിപ്പല്‍ തലത്തിലെങ്കിലും വിദേശികള്‍ക്ക് വോട്ടവകാശം അനുവദിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അവിടെ വിജയകരമെന്നു കണ്ടാല്‍ പിന്നീട് സ്റേറ്റ് തലത്തിലും ദേശീയ തലത്തിലും വ്യാപിപ്പിക്കാവുന്നതാണ്. ഇന്റഗ്രേഷന്‍ നയത്തിന്റെ കാര്യത്തിലും ഇതു പ്രധാനമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ജര്‍മനിയില്‍ ഏഴു മില്യനോളം വിദേശികളാണ് ജീവിക്കുന്നത്. ഇതില്‍ യൂറോപ്യന്‍ യൂണിയന്‍ പൌരന്മാര്‍ക്കു മാത്രം മുനിസിപ്പില്‍ ഇലക്ഷനുകളിലും യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനിലും വോട്ട് ചെയ്യാന്‍ അവകാശം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍