സ്ത്രീകള്‍ ഉറക്കെ ചിരിക്കുന്നത് നിരോധിക്കണം: തുര്‍ക്കി ഉപപ്രധാനമന്ത്ര
Monday, August 4, 2014 7:56 AM IST
വിയന്ന: സ്ത്രീകള്‍ ഉറക്കെ ചിരിക്കരുത്, മൊബൈലില്‍ അധികനേരം സംസാരിക്കരുത്. അഭിപ്രായം മറ്റാരുടേതുമല്ല, യൂറോപ്പിലെ പരിഷ്കൃതമെന്നവകാശപ്പെടുന്ന വന്‍ശക്തിയാകാന്‍ വെമ്പുന്ന തുര്‍ക്കിയുടെ ഉപപ്രധാനമന്ത്രി ബ്യൂളന്റേതാണ്. ഇതിനായി ചെലവഴിക്കുന്ന സമയം സ്ത്രീകള്‍ക്ക് ഖുറാന്‍ വായിക്കാം.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഉറക്കെ ചിരിക്കുന്നതും അതുപോലെ ദീര്‍ഘനേരം മൊബൈലില്‍ സംസാരിക്കുന്നതും ധാര്‍മിക അധഃപതനമായിട്ടാണ് കണക്കാക്കുന്നതെന്നും അതുപോലെ യുവാക്കളുടെ ഇടയിലുണ്ടായിരിക്കുന്ന അമിതമായ മയക്കുമരുന്നു ദുരുപയോഗവും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും ടിവി പരിപാടികളുടെ അതിപ്രസരം മൂലമുള്ള ലൈംഗിക അരാജകത്വവും ധാര്‍മിക അധഃപതനവുമാണെന്നും കൂടാതെ യുവാക്കള്‍ ഭാര്യമാരോട് വിശ്വസ്തരായിരിക്കണം. അതുപോലെ സ്ത്രീകള്‍ തങ്ങളുടെ സൌന്ദര്യം പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കരുത് എന്നിങ്ങനെയാണ് ആറിന്‍ക്കിന്റെ നിര്‍ദേശങ്ങള്‍. ഇതിനു പ്രതിവിധിയായി തുര്‍ക്കി മുസ്ലിമുകള്‍ ഖുറാന്‍ വായിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുര്‍ക്കി ഉപപ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആറിന്‍ക് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. ഓഗസ്റ് 10ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉപപ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണകക്ഷിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍