2015 ല്‍ ഡ്രൈവറില്ലാത്ത കാറുകള്‍ ബ്രിട്ടീഷ് നിരത്തുകളില്‍
Thursday, July 31, 2014 8:49 AM IST
കൊളോണ്‍: ഡ്രൈവര്‍ ആവശ്യമില്ലാത്ത കാറുകള്‍ ഇനി ബ്രിട്ടീഷ് നിരത്തുകളെ കീഴടക്കും. ആറു മാസത്തിനുള്ളില്‍ ഇവയുടെ പരീക്ഷണ ഓട്ടത്തിന് അനുമതി ലഭിക്കുന്ന വിധത്തിലുള്ള നിയമ ഭേദഗതിക്ക് കാമറോണ്‍ മന്ത്രിസഭ അംഗീകാരം നല്‍കി.

ഗൂഗിള്‍ മോഡല്‍ കാറുകളുടെ ബ്രിട്ടനിലെ ആദ്യ പരീക്ഷണം 2015 ജനുവരിയില്‍ നടക്കും. ഇതിനായുള്ള പദ്ധതി ബിസിനസ് സെക്രട്ടറി വിന്‍സ് കേബിളിന്റെ മേല്‍നോട്ടത്തില്‍ തയാറാക്കി. ബ്രിട്ടീഷ് സമൂഹത്തിലും സാമ്പത്തിക മേഖലയിലും പുതിയ അവസരങ്ങള്‍ തുറക്കുമെന്നാണ് വിന്‍സ് കേബിള്‍ അഭിപ്രായപ്പെട്ടത്. ഇത്തരം കാറുകളിലെ സാങ്കേതിക വിദ്യകളുടെ കൈമാറ്റം രാജ്യവികസനത്തിന് മുതല്‍ക്കൂട്ടാവുമെന്നും വിന്‍സ് കേബിള്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ ഹൈവേ ചട്ടങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് പല മന്ത്രിമാരും നേരത്തേ തന്നെ അഭിപ്രായപ്പെട്ടിരുന്നു. കാലാനുസൃതമായി ഇതു പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവറില്ലാത്ത കാറിനും അനുമതി ലഭിക്കുന്നത്. തുടക്കത്തില്‍ മൂന്നു നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇത്തരം കാറുകളുടെ ഓട്ടം. ഇതിനായി 102 കോടി രൂപയാണ് സര്‍ക്കാര്‍ ഫണ്ടായി അനുവദിച്ചത്.

കംപ്യൂട്ടര്‍ സെന്‍സറുകളുടെയും കാമറകളുടെയും സഹായത്തോടെയായിരിക്കും കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ജപ്പാന്‍, അമേരിക്ക, സ്വീഡന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം കാറുകളുടെ പരീക്ഷണ ഓട്ടം ഇതിനോടകം വിജയകരമായി നടന്നിരുന്നു. ഡ്രൈവറില്ലാത്ത കാറുകളുടെ വികസനം എന്നാല്‍ ഡ്രൈവറില്ലാത്ത കാറുകളുടെ ഉപയോഗം വാഹനമോടിക്കുന്ന സാധാരണക്കാരില്‍ ആശങ്കയുണ്ടാക്കുമെന്ന് മോട്ടോര്‍ രംഗത്തെ സംഘടനകള്‍ മുന്നറിയിപ്പു നല്‍കി രംഗത്തു വന്നു.

നിയമങ്ങള്‍ മാറ്റാതെ ഇത്തരം കാറുകളുടെ ഓട്ടം അനുവദിക്കരുതെന്നാണ് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ശക്തമായി വാദിക്കുന്നത്. സംഘടന ഇതിനെതിരെ സംഘടിപ്പിച്ച സര്‍വേയില്‍ 43 ശതമാനം പേരും എതിരഭിപ്രായം പ്രകടിപ്പിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് എഡ്മുണ്ട് കിംഗ് പറഞ്ഞു. ഡ്രൈവര്‍മാര്‍ വേണ്ടാത്ത കാറുകള്‍ക്കെതിരെ ആര്‍എസി എന്ന ടെക്നിക്കല്‍ സംഘടനയും രംഗത്തുവന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍