ജര്‍മനിയില്‍ യഹൂദപള്ളിയില്‍ ആക്രമണം; മുഖ്യപുരോഹിതന് വധഭീഷണിയും
Tuesday, July 29, 2014 6:26 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ സിനഗോഗ് ആക്രമണത്തിന്റെ പിന്നാലെ മുഖ്യപരോഹിതന് വധഭീഷണി എത്തിയത് ജര്‍മന്‍ പോലീസിന് തലവേദനയാവുന്നു.

ഗാസാ പ്രശ്നത്തിന്റെ പേരിലാണ് സിനഗോഗ് ആക്രമിക്കപ്പെട്ടതും വധഭീഷണിയുമെന്ന് പോലീസ് പറയുന്നു. മധ്യജര്‍മനിയിലെ വുപ്പര്‍ത്താല്‍ പട്ടണത്തിലെ സിനഗോഗ് ചൊവ്വാഴ്ച വെളുപ്പിനെ പ്രാദേശിക സമയം 2.15 നാണ് ആക്രമിക്കപ്പെട്ടത്. അതിനു തൊട്ടുപിന്നാലെ പുരോഹിതനെ വധിക്കുമെന്നുള്ള ഭീഷണിക്കത്തും എത്തി. സിനഗോഗിന് തീയിട്ട് നശിപ്പിക്കാനാണ് അക്രമികള്‍ പദ്ധതിയിട്ടത്.

വാതില്‍ തകര്‍ത്തു അകത്തുകയറിയ അക്രമികള്‍ ഓഫീസ് മുറികളും ഫയലുകളും നശിപ്പിച്ചു. പുരോഹിതനെ വധിക്കുമെന്നുള്ള ഫോണ്‍ സന്ദേശവും ലഭിച്ചു. സംഭവത്തിന്റെ ഉറവിടം പോലീസ് അന്വേഷിച്ചുവരുന്നു.

ഇതിന്റെ വെളിച്ചത്തില്‍ പതിനെട്ടുകാരനായ യുവാവിനെ പോലീസ് അറസ്റു ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍