ഡ്യൂസല്‍ഡോര്‍ഫ് കുടുംബകൂട്ടായ്മക്ക് പുതിയ കമ്മിറ്റി
Tuesday, July 29, 2014 6:25 AM IST
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായ ഇന്ത്യന്‍ സമൂഹത്തിന്റെ ഒമ്പത് കുടുംബ കൂട്ടായ്മകളിലൊന്നായ ഡ്യൂസല്‍ഫോര്‍ഫ് കുടുംബയൂണിറ്റ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഡ്യൂസല്‍ഡോര്‍ഫ് സെന്റ് എലിസബത്ത് ദേവാലയത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അര്‍പ്പിച്ച ദിവ്യബലിയെ തുടര്‍ന്ന് കൂട്ടായ്മയുടെ പൊതുയോഗം ദേവാലയ പാരീഷ് ഹാളില്‍ കൂടി. യോഗത്തില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അധ്യക്ഷത വഹിച്ച് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി.

അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളായി മാത്യു കോയിക്കേരില്‍ (പ്രസിഡന്റ്), റജീന മറ്റത്തില്‍ (സെക്രട്ടറി), ബനഡിക്ട് കോലത്ത് (വൈസ് പ്രസിഡന്റ്), ഹാനോ മൂര്‍ കടുത്താനം (ട്രഷറാര്‍), ലാലി ഇടശേരി (ലിറ്റര്‍ജി), ഡെന്നി ജോസഫ് (കള്‍ച്ചറല്‍ സെക്രട്ടറി), എല്‍സി വേലൂക്കാരന്‍ (കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരെ ഐകകണ്ഠേന തെരഞ്ഞെടുത്തു. യോഗത്തില്‍ മുന്‍പ്രസിഡന്റ് പൌലോസ് മറ്റത്തില്‍ സ്വാഗതവും മാത്യു കോയിക്കേരില്‍ നന്ദിയും പറഞ്ഞു. പുതിയ കമ്മിറ്റി ഭാവി പരിപാടികളെപ്പറ്റിയുള്ള ചര്‍ച്ചയും നടത്തി.

ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആദ്യത്തെ കുടുംബയൂണിറ്റായ ഡ്യൂസല്‍ഡോര്‍ഫ് ഫാമിലി കൂട്ടായ്മ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഇരുപത്തിയെട്ട് വര്‍ഷമായി. കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുടങ്ങാതെ എല്ലാ ശനിയാഴ്ചകളിലും കുട്ടികള്‍ക്ക് മതബോധന ക്ളാസും നടത്തുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍