ജര്‍മനിയില്‍ ലോകകപ്പ് വിജയാഘോഷത്തിനിടെ മൂന്നു പേര്‍ മരിച്ചു
Tuesday, July 15, 2014 6:52 AM IST
ബര്‍ലിന്‍: ജര്‍മനിയുടെ ലോകകപ്പ് വിജയം ആഘോഷിച്ച ആരാധകരില്‍ മൂന്നു പേര്‍ മരിച്ചു. തിങ്കളാഴ്ച രാവോളം ദീര്‍ഘിച്ച ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം.

ഫൈനല്‍ മത്സരത്തിന്റെ സ്ക്രീനിംഗിനിടെ ഒരു പത്തൊമ്പതുകാരന്‍ കുത്തേറ്റു മരിച്ചിരുന്നു. മത്സരം എക്സ്ട്രാ ടൈമിലെത്തിയപ്പോഴേക്കും സാങ്കേതികപിഴവ് കാരണം തത്സമയ സംപ്രേഷണം നിര്‍ത്തിവയ്ക്കേണ്ടിവന്നതോടെയാണ് കുഴപ്പങ്ങളുടെ തുടക്കം.

കനത്ത മഴ കാരണം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതാകാമെന്ന് പോലീസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് ഒരു 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ സാക്ഷികളെ ചോദ്യം ചെയ്തുവരുന്നു.

തെക്കന്‍ ജര്‍മനിയില്‍ അക്രമവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പോലീസ് അന്വേഷിക്കുന്നു. മ്യൂണിച്ചില്‍ ഒരു വൃദ്ധന്‍ തലയ്ക്ക് അടിയേറ്റാണ് മരിച്ചത്. ഒരു യുവതിയും അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

ബര്‍ലിനില്‍ ഒരാള്‍ ആഘോഷത്തിനിടെ കെട്ടിടത്തിനു മുകളില്‍നിന്ന് താഴെ വീണ് മരിക്കുകയായിരുന്നു. പടക്കത്തിനു തീ കൊളുത്തുമ്പോള്‍ സ്വന്തം വീടിന് തീപിടിച്ചാണ് മറ്റു രണ്ടു പേര്‍ക്ക് പരിക്കേറ്റത്.

അര്‍ജന്റീനയില്‍, ടീം തോറ്റതില്‍ രോഷാകുലരായ ആരാധകര്‍ പലയിടത്തും തെരുവിലിറങ്ങി. ബാറില്‍ മത്സരം വീക്ഷിച്ചിരുന്ന ഏതാനും ജര്‍മനിക്കാര്‍ക്കെതിരേ ആക്രമണമുണ്ടായി. ജര്‍മന്‍ അംബാസഡറും ഇതേ ബാറിലായിരുന്നു.

ലോകകപ്പ് നേടിയതിന്റെ ആഹ്ളാദം ജര്‍മനിയില്‍ വാനോളമുയര്‍ന്നിരിക്കുകയാണ്. മെട്രോസിറ്റികളില്‍ മാത്രമല്ല ജര്‍മനിയുടെ എല്ലാ മൂലകളില്‍ പെരുമ്പറ മുഴക്കിയുള്ള ആഹ്ളാദാരവം കാല്‍പന്തുകളിയിലെ ലോകരാജക്കന്മാരായി എന്നുള്ളതിന്റെ സാക്ഷ്യംതന്നെയാണ്. ലക്ഷം ജനങ്ങളാണ് പ്രായഭേദമെന്യേ തെരുവുകളില്‍ വിജയാഹ്ളാദത്തിന്റെ വെന്നിക്കൊടി പാറിക്കുന്നത്. ഡോയ്റ്റ്ഷ്ലാന്റ് ഈസ്റ് വേള്‍ഡ് മൈസ്റര്‍ (ജര്‍മനി, വേള്‍ഡ് ചാമ്പ്യന്‍സ്) എന്നെഴുതിയ ബാനറുകളും പ്ളക്കാര്‍ഡുകളും എങ്ങും നിരന്നു കഴിഞ്ഞു. ജര്‍മന്‍ പതാകകള്‍ കെട്ടിയ കാറുകളുടെ തേരോട്ടംതന്നെ ജര്‍മനിയുടെ വിജയം വീണ്ടും ആവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍