ലോകകപ്പ് ഫൈനല്‍: ആര്‍ക്കായി പ്രാര്‍ഥിക്കും മാര്‍പാപ്പയും പോപ്പ് എമിരറ്റസും?
Saturday, July 12, 2014 8:14 AM IST
കൊളോണ്‍: ഒരു ലോകകപ്പ് ഫൈനലിലും അതതു കാലത്തെ മാര്‍പാപ്പമാരുടെ നിലപാടുകള്‍ പ്രസക്തമാകുന്ന പതിവില്ല. ഇക്കുറിയും അങ്ങനെയൊരു നിലപാടൊന്നുമില്ലെങ്കില്‍ പോലും അങ്ങനെയൊരു ചോദ്യത്തിനു പ്രസക്തിയുണ്ട്. അതിനുകാരണം രണ്ട്. അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് പാപ്പ കടുത്ത ഫുട്ബോള്‍ ആരാധകനാണ്. അര്‍ജന്റീനയിലെ ബൊക്കാ ജൂനിയേഴാണ് അദ്ദേഹത്തിന്റെ ഇഷ്ട ടീം. രണ്ടാമത്തെ കാരണം, വിരമിച്ച മാര്‍പാപ്പ ബനഡിക്ട് പതിനാറാമന്‍ ജര്‍മനിക്കാരനാണെന്നതും.

അര്‍ജന്റീനയും ജര്‍മനിയുമാണല്ലോ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ആ നിലയ്ക്ക് മാര്‍പാപ്പയും വിരമിച്ച മാര്‍പാപ്പയും നിലപാടുകള്‍ സ്വീകരിക്കണമെന്ന് വെറുതേ ഒരു കൌതുകത്തിന് മോഹിച്ചു പോകുകയാണ് വിശ്വാസികളായ ചില ആരാധകര്‍. പക്ഷേ, അങ്ങനെയുള്ള പരിപാടിക്കൊന്നും തന്നെ കിട്ടില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു ഫ്രാന്‍സിസ് മാര്‍പാപ്പ.

ആര്‍ക്കുവേണ്ടിയായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മധ്യസ്ഥ പ്രാര്‍ഥനയെന്ന് തമാശയായിട്ടാണെങ്കിലും പലരും ചോദിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജന്മനാടായ അര്‍ജന്റീനയ്ക്കായി പ്രാര്‍ഥിക്കുമ്പോള്‍ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ തന്റെ ജന്മനാടായ ജര്‍മനിയുടെ പക്ഷം ചേരുമോ?

താന്‍ ഒരു ടീമിനായും പ്രത്യേകം പ്രാര്‍ഥിക്കില്ലെന്നാണ് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കിയിരിക്കുന്നത്. ബനഡിക്ട് പാപ്പയാകട്ടെ, ഫുട്ബോള്‍ പ്രേമിയൊന്നുമല്ല താനും.

ആരു ജയിച്ചാലും അടങ്ങാത്ത സന്തോഷത്തിന്റെ, ആവേശത്തിന്റെ അലകടല്‍ ജര്‍മനിയിലുയരും. അതിനായുള്ള സന്നാഹങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍