മറഡോണയുടെ ഹൃദയം കവര്‍ന്ന ചാള്‍സ് ഇപ്പോള്‍ ലോകത്തിന്റെ ഹൃദയം കവരാനുള്ള യാത്രയില്‍
Friday, July 11, 2014 8:00 AM IST
കൊച്ചി: പ്രവാസി മലയാളി ഫെഡറേഷന്‍ കലാ, സാംസ്കാരിക വിഭാഗം ഗ്ളോബല്‍ കണ്‍വീനറായി സ്പാനിഷ് ഗായകനും പ്രശസ്ത സോളോ പെര്‍ഫോര്‍മറുമായ ചാള്‍സ് ആന്റണിയെ തെരഞ്ഞെടുത്തതായി ഗ്ളോബല്‍ ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കന്‍ അറിയിച്ചു.

ഫുട്ബോള്‍ ദൈവം ഡീഗോ മറഡോണയോടൊപ്പം പാടാന്‍ അവസരം ലഭിച്ചിട്ടുള്ള ചാള്‍സ് ബിബിസി ന്യുസ് ചാനലില്‍ പാടാന്‍ അവസരം ലഭിച്ച ആദ്യ മലയാളി സോളോ പെര്‍ഫോര്‍മര്‍ കൂടിയാണ്. ഒരു മൌത്ത് ഓര്‍ഗനും ഗിത്താറും ഒരേ സമയം ഒറ്റയ്ക്ക് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് പാടുന്നു എന്നതാണ് ചാള്‍സിന്റെ പ്രത്യേകത.

സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, മെക്സിക്കന്‍, സ്വിസ്, ആഫ്രിക്കന്‍, അറബിക്, ജപ്പാനീസ്, കൊറിയന്‍, ശ്രീലങ്കന്‍, റഷ്യന്‍, മലേഷ്യന്‍, ഇന്തോനേഷ്യന്‍ എന്നീ 14 ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കാറുള്ള ചാള്‍സ് 1940 മുതല്‍ 80 വരെയുള്ള ആയിരത്തോളം ഇംഗ്ളീഷ് ക്ളാസിക്കുകളിലാണ് സ്പെഷലൈസ് ചെയ്തിരിക്കുന്നത്.