ആവിസ് കാര്‍ റെന്റല്‍ കമ്പനി യൂറോപ്പില്‍ ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കുന്നു
Thursday, July 10, 2014 8:09 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകപ്രശസ്ത കാര്‍ റെന്റല്‍ കമ്പനി ആവിസ് യൂറോപ്പില്‍ വാടകയ്ക്ക് നല്‍കുന്ന കാറുകളില്‍ ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കുന്നു. ഈ ഇന്റര്‍നെറ്റ് സൌകര്യത്തിന് അധിക വാടക വാങ്ങാതെയാണ് അവര്‍ നല്‍കുന്നത്. ഇന്റര്‍നെറ്റ് സൌകര്യം ഉള്ള ഈ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് അത് രണ്ടുതരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.

ഒന്നുകില്‍ തങ്ങളുടെ സ്വന്തമായ യൂറോപ്യന്‍ ഫ്ളാറ്റ് നിരക്കിലുള്ള ഇന്റര്‍നെറ്റ് ഉപയോഗിക്കുകയോ അല്ലെങ്കില്‍ ആവിസ് കാര്‍ റെന്റല്‍ കമ്പനിയുടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയോ ചെയ്യാം. ആവിസ് കാര്‍ റെന്റല്‍ കമ്പനിയുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് മാത്രം ഫീസ് നല്‍കിയാല്‍ മതി.

യൂറോപ്യന്‍ രാജ്യങ്ങളായ ചെക്ക് റിപ്പബ്ളിക്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ലക്സംബൂര്‍ഗ്, ഹോളണ്ട്, പോര്‍ട്ടുഗല്‍, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഇംഗ്ളണ്ട് എന്നിവിടങ്ങളിലാണ് ആവിസ് കാര്‍ റെന്റല്‍ കമ്പനി ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കുന്നത്. ഇത് അവധിക്കാലം ചെലവഴിക്കുന്നവര്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും വളരെയേറെ പ്രയോജനപ്രദമാണ്. സ്വന്തമായി ഐ. അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്കും പല രാജ്യങ്ങളിലും ശരിയായ റേഞ്ച് കിട്ടാതെ വരുകയും, റോമിംഗ് ചാര്‍ജ് നല്‍കുകയും വേണം. ആവിസ് കാര്‍ റെന്റല്‍ കമ്പനിയുടെ ഈ ഇന്റര്‍നെറ്റ് സൌകര്യം മുകളില്‍ പറഞ്ഞ യൂറോപ്യന്‍ രാജ്യങ്ങളില്‍ റോമിംഗ് ഉള്‍പ്പെടെ നല്ല രീതിയില്‍ ലഭ്യമാകുമെന്ന് കമ്പനി ഉറപ്പു നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍