ക്രോയ്ഡോണില്‍ സംഗീത ഓഫ് ദി യുകെയുടെ വാര്‍ഷികാഘോഷം ജൂലൈ 12ന്
Wednesday, July 9, 2014 8:13 AM IST
ക്രോയ്ഡോണ്‍: കലാ, സാംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ യുകെയിലും കേരളത്തിലും ഏറെ സുപരിചിതമായ സംഗീത ഓഫ് ദി യുകെയുടെ 23-ാമത് വാര്‍ഷികാഘോഷങ്ങളും ആന്റി ബുള്ളിയിംഗ് കാംപയിനിന്റെ ഭാഗമായി സംഗീത ഓഫ് ദി യുകെ നടത്തിയ കവിതാ രചനാ മത്സര വിജയിക്കുള്ള സമ്മാനദാനവും ജൂലൈ 12 ന് (ശനി) വൈകിട്ട് നാലു മുതല്‍ ക്രോയ്ഡോണ്‍ ഫെയര്‍ ഫീല്‍ഡ് ഹാളില്‍ നടക്കും.

വിശിഷ്ടാഥിതിയായി ക്രോയ്ഡോണ്‍ നഗര സഭയുടെ ആദ്യത്തെ മലയാളി മേയറായ മഞ്ജു ഷാഹുല്‍ ഹമീദും മറ്റു കൌണ്‍സിലര്‍മാരും പങ്കെടുക്കും.

സംഘടനാ ബാഹുല്യം കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ വീര്‍പ്പു മുട്ടുന്ന മലയാളി സമൂഹത്തിനിടയില്‍ കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടായിരുന്നു സംഗീതയുടെ പിറവിയെങ്കിലും പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച്, സമൂഹ നന്മക്കായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ച് തികഞ്ഞ അഭിമാനത്തോടെയാണ് സംഗീത അതിന്റെ 23 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നത്.

വീണ, വയലിന്‍, തബല, മൃദംഗം, പുല്ലാന്‍ കുഴല്‍, കീ ബോര്‍ഡ്, ഗിത്താര്‍, ഡ്രംസ് തുടങ്ങിയ വാദ്യോപകരണങ്ങളിലും ഭരത നാട്യം, സിനിമാറ്റിക് ഡാന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധയിനം നൃത്ത നൃത്യങ്ങളിലും, കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, കേരളത്തിന്റെ തനത് കലയായ ചെണ്ടമേളം ഉള്‍പ്പെടെ സംഗീത നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാലയത്തിലെ നാനൂറില്‍ പരം വിദ്യാര്‍ഥി,വിദ്യാര്‍ഥിനികള്‍ ഒരുമിച്ച് ഒരുവേദിയില്‍ അണിനിരക്കുന്നു എന്നുള്ളതും സംഗീതയുടെ വാര്‍ഷികാഘോഷങ്ങളുടെ ഒരു പ്രത്യേകതയാണ്. യുകെയിലെ മികച്ച അധ്യാപകരുടെ ശിക്ഷണത്തില്‍ സ്വായത്തമാക്കുന്ന കഴിവുകള്‍ പൊതുജനത്തിനു മുന്നിലും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്ക് മുന്നിലും അവതരിപ്പിക്കുവാന്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരം കൂടിയാണിത്.

പാട്യേതര വിഷയങ്ങളായ കണക്ക്, സയന്‍സ്, ഇംഗ്ളീഷ് എന്നീ വിഷയങ്ങളിലും സംഗീത ക്ളാസുകള്‍ നടത്തി വരുന്നുണ്ട്. യുകെയിലെ കലാ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സംഗീതയുടെ സഹായ ഹസ്തം കേരളത്തിലും എത്തി നില്‍കുന്നു. മാനസിക വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സഹജീവന്‍ ചാരിറ്റിയുമായി ചേര്‍ന്നുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പഠന സഹായം തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം.

സംഗീത, നാട്യ, നൃത്ത, വാദ്യോപകരണങ്ങളില്‍ നാനൂറില്‍പരം വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന ആനന്ദദായകമായ ഈ സായാഹ്നത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ എല്ലാ മലയാളികളേയും ശനിയാഴ്ച വൈകിട്ട് നാല് മുതല്‍ ക്രോയ്ഡോണ്‍ ഫെയര്‍ഫീല്‍ഡ് ഹാളിലേക്ക് സംഗീത ഓഫ് ദി യുകെ സ്വാഗതം ചെയ്തു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രകാശ് 07786158579, ജയപ്രകാശ് പണിക്കര്‍ 07917361127.