നോര്‍വിച്ചില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 ന്; മാര്‍ മാത്യു അറയ്ക്കലും ബിഷപ് അലന്‍ ഹോപ്പ്സും കാര്‍മികരാവും
Monday, July 7, 2014 7:47 AM IST
നോര്‍വിച്ച്: ഈസ്റ് ആംഗ്ളിയായിലെ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രമായ നോര്‍വിച്ചില്‍ ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 ന് (ശനി) നോര്‍വിച്ചില്‍ അതിവിപുലമായി ആഘോഷിക്കുന്നു. സിബിസിഐ ലെയിറ്റി കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലും, ഈസ്റ് ആംഗ്ളിയായുടെ രൂപതാധ്യക്ഷന്‍ ബിഷപ് അലന്‍ ഹോപ്സ് പിതാവും തിരുനാളിന് കാര്‍മികത്വം വഹിക്കും.

ശനി ഉച്ചകഴിഞ്ഞ് രണ്ടിന് നോര്‍വിച്ചിലെ ഹോളി അപ്ളോസ്റല്‍സ് കാത്തലിക്ക് ചര്‍ച്ചില്‍ ആഘോഷമായ തിരുനാള്‍ സമൂഹ ബലി ആരംഭിക്കും. ഈസ്റ് ആംഗ്ളിയായുടെ സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ സഹകാര്‍മികത്വം വഹിക്കും. ലദീഞ്ഞ്, പ്രദക്ഷിണം, വി.അല്‍ഫോന്‍സാമ്മയുടെ നൊവേന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.

വൈകുന്നേരം അഞ്ചിന് നോര്‍വിച്ച് അക്കാഡമി ഹാളില്‍ ചേരുന്ന പൊതു യോഗത്തില്‍ മാര്‍ മാത്യു അറയ്ക്കലിനും ബിഷപ് അലന്‍ ഹോപ്സിനും തിരുനാളില്‍ പങ്കു ചേരുവാന്‍ എത്തുന്ന സീറോ മലബാര്‍ അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്യനും സ്വീകരണം നല്‍കും. തുടര്‍ന്നു നടക്കുന്ന കലാസന്ധ്യയില്‍ വൈവിധ്യമാര്‍ന്ന മികവുറ്റ കലാ പരിപാടികള്‍ ഉണ്ടായിരിക്കും. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും തിരുനാള്‍ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയില്‍ രോഗ ശാന്തികളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ആത്മീയമായ ഒരുക്കത്തോടെ വന്ന് ഭക്തിപൂര്‍വം തിരുനാള്‍ ശുശ്രുഷയില്‍ പങ്കു ചേരുവാന്‍ മാത്യു അച്ചന്‍ ഏവരെയും സസ്നേഹം സ്വാഗതം ചെയ്തു.

ഹോളി അപ്പോസ്റല്‍സ് കാത്തലിക്ക് ചര്‍ച്ച്, വെസ്റ് ഈര്‍തം, നോര്‍വിച്ച്, എന്‍ആര്‍5 2എഡി, നോര്‍വിച്ച് അക്കാദമി ഹാള്‍, 299 ബ്ളൂ ബെല്‍ റോഡ്, എന്‍ആര്‍4 7എല്‍പി

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. മാത്യു ജോര്‍ജ് 07939920844.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ