ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ പട്ടം: വിധിനിര്‍ണയം ജൂലൈ അഞ്ച്, ആറ് തീയതികളില്‍
Thursday, July 3, 2014 9:41 AM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജര്‍മന്‍ പ്രവാസി കര്‍ഷശ്രീ പട്ടം വിധിനിര്‍ണയം ജൂലൈ അഞ്ച്, ആറ് തീയതികളില്‍ നടക്കും. സമാജത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്തിരിക്കുന്ന ഓരോ ചെറിയ അടുക്കളത്തോട്ടങ്ങളിലും നേരിട്ട് പോയി കണ്ടുള്ള വിലയിരുത്തലിലാണ് വിജയികളെ നിശ്ചയിക്കുന്നത്.

അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറായ ജര്‍മനിക്കാരന്‍ യുര്‍ഗന്‍ ഹൈനെമാന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് വിധിനിര്‍ണയം നടത്തുക. ഏറ്റവും കൂടുതല്‍ പച്ചക്കറിചെടികള്‍ (ഇന്ത്യന്‍, ജര്‍മന്‍), പലവ്യഞ്ജനങ്ങള്‍, പഴവര്‍ഗങ്ങള്‍, ചെറുമരങ്ങള്‍, വിവിധയിനം കാഴ്ചചെടികള്‍, തോട്ടത്തിന്റെ അടുക്കും ചിട്ടയും, സസ്യാദികളുടെ ശുശ്രൂഷ, വളര്‍ച്ച എന്നിവ മാനദണ്ഡമാക്കിയാണ് മാര്‍ക്ക് നല്‍കുന്നത്.

ജര്‍മന്‍ മലയാളികളില്‍ കാര്‍ഷിക വാസന പ്രോത്സാഹിപ്പിക്കുന്നതിനാണ് കൊളോണ്‍ കേരള സമാജം മത്സരം സംഘടിപ്പിക്കുന്നത്. ജര്‍മനിയിലേക്കു കുടിയേറിയ ഒന്നാം തലമുറ മലയാളികളില്‍ ഒരു നല്ല ശതമാനം ഇപ്പോള്‍ ജോലിയില്‍നിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന സാഹചര്യത്തില്‍, ഇത്തരം സംരംഭങ്ങള്‍ക്ക് വലിയ പ്രസക്തിയും പ്രോല്‍സാഹനവും വര്‍ധിച്ചുവരുന്നത് ജര്‍മന്‍ മലയാളികളുടെ കാര്‍ഷിക സ്നേഹത്തെയാണ് വെളിപ്പെടുത്തുന്നത്. 31 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏഴാം തവണയാണ് കര്‍ഷകശ്രീ മല്‍സരം നടത്തുന്നത്.

ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), ഷീബാ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ബേബിച്ചന്‍ കലേത്തുംമുറിയില്‍ (സ്പോര്‍ട്സ് സെക്രട്ടറി), സെബാസ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി) എന്നിവരാണ് നിലവിലെ ഭരണസമിതിയംഗങ്ങള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍