എയര്‍ ഇന്ത്യാ ഫ്ളൈറ്റുകളില്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യം വരുന്നു
Monday, June 30, 2014 8:50 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ജൂലൈ 11 മുതല്‍ ജര്‍മന്‍ ലുഫ്ത്താന്‍സാ ലീഡ് ചെയ്യുന്ന സ്റ്റാര്‍ അലിയാന്‍സ് ഗ്രൂപ്പില്‍ ചേരുന്നു. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ ഫ്ളൈറ്റുകളില്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യം ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കുമെന്ന് എയര്‍ ഇന്ത്യാ ചെയര്‍മാന്‍ റോഹിത് നന്ദന്‍ അറിയിച്ചു. ഇപ്പോള്‍ ബ്രിട്ടീഷ് എയര്‍വെയ്സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, എമിരേറ്റ്സ്, ലുഫ്ത്താന്‍സ, യുണൈറ്റഡ് എയര്‍ലൈന്‍സ്, ഡെല്‍റ്റാ, കെഎല്‍എം. ഖത്താര്‍ എന്നീ എയര്‍ലൈനുകള്‍ ഓണ്‍ ബോര്‍ഡ് വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യം നല്‍കുന്നു.

എയര്‍ ഇന്ത്യാ ഈ വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്താന്‍ വിവിധ ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടത്തി വരുന്നു. ഏറ്റവും പുതിയ ടെക്നോജിയുമായി ഈ രംഗത്ത് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ എയര്‍ കമ്പനിക്ക് ഈ ഓണ്‍ ബോര്‍ഡ് വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്താന്‍ കരാര്‍ ലഭിക്കുമെന്നാണ് സൂചന.

ഫസ്റ് ക്ളാസ്- ബിസിനസ് ക്ളാസ് യാത്രക്കാര്‍ക്ക് സൌജന്യമായും ഇക്കോണമി യാത്രക്കാരില്‍ നിന്നും മണിക്കൂറിന് ഒരു നിശ്ചിത തുക ഈടാക്കാനും എയര്‍ ഇന്ത്യാ ആലോചിക്കുന്നു. ഈ സൌകര്യം ബിസിനസ് യാത്രക്കാര്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ ഉപയോഗപ്രദമായിരിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍