ജര്‍മനിയില്‍ ഹരിതോര്‍ജ സബ്സിഡികള്‍ വെട്ടിക്കുറച്ചു
Monday, June 30, 2014 8:49 AM IST
ബര്‍ലിന്‍: പാരമ്പര്യേതര ഊര്‍ജത്തിന് അനുവദിച്ചിട്ടുള്ള സബ്സിഡികള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ ജര്‍മന്‍ എംപിമാര്‍ തീരുമാനമെടുത്തു. പൂര്‍ണമായി സൌരോര്‍ജത്തിലേക്കും കാറ്റില്‍നിന്നുള്ള വൈദ്യുതിയിലേക്കും മാറുകയും ഉയരുന്ന ഊര്‍ജ നിരക്ക് പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നതിന്റെ ഭാഗമാണ് നടപടി.

ജര്‍മനിയും യൂറോപ്യന്‍ യൂണിയനില്‍ ആകമാനവും ശക്തമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇതു കാരണമായേക്കും. 2050 ആകുന്നതോടെ രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങളുടെ എണ്‍പതു ശതമാനവും പാരമ്പര്യേതര മാര്‍ഗങ്ങളില്‍നിന്നാക്കുകയാണ് ജര്‍മനിയുടെ ലക്ഷ്യം.

1990 കളിലാണ് ജര്‍മനി ഹരിതോര്‍ജത്തിന് നിര്‍ലോപമായ സബ്സിഡികള്‍ ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഫലമായി ഈ വര്‍ഷമെത്തിയതോടെ രാജ്യത്തെ ഊര്‍ജ ആവശ്യങ്ങളുടെ 27 ശതമാനവും പാരമ്പര്യേതര മാര്‍ഗങ്ങളിലേക്കു മാറുകയും ചെയ്തിരുന്നു.

ഇലക്ട്രിസിറ്റി ബില്ലില്‍ ചുമത്തുന്ന നികുതി വഴിയാണ് സബ്സിഡിക്കു തുക സ്വരൂപിച്ചിരുന്നത്. സബ്സിഡി ഒഴിവാക്കുന്നതോടെ ഇലക്ട്രിസിറ്റി ബില്ലില്‍ ആനുപാതികമായ കുറവു വരും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍