ബെക്കന്‍ബോവറുടെ വിലക്ക് ഫിഫ നീക്കി
Monday, June 30, 2014 3:45 AM IST
ബര്‍ലിന്‍: ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നു ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ക്ക് ഫിഫ ഏര്‍പ്പെടുത്തിയിരുന്ന 90 ദിവസത്തെ വിലക്ക് പിന്‍വലിച്ചു. 2018ലെ ലോകകപ്പ് വേദി റഷ്യയ്ക്കും 2022ലേത് ഖത്തറിനും അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സഹകരിക്കുന്നില്ല എന്നാരോപിച്ചാണ് ജൂണ്‍ പതിമൂന്ന് ഫിഫ ബെക്കന്‍ബോവര്‍ക്കെതിരേ നടപടിയെടുത്തത്.

അന്വേഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയാതിരുന്നത് തെറ്റായിപ്പോയെന്ന് മാനെജര്‍ വഴി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ബെക്കന്‍ബോവര്‍ പറയുന്നു. ഇപ്പോള്‍ ഫിഫയുടെ അന്വേഷണ സമിതി നല്‍കിയ ചോദ്യാവലിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയാറായതാണ് വിലക്ക് പിന്‍വലിക്കാന്‍ കാരണമെന്നു കരുതുന്നു.

ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അദ്ദേഹത്തിന്റെ 2011ല്‍ അവസാനിച്ചെങ്കില്‍ ഫുട്ബോള്‍ കമ്മിറ്റിയില്‍ തുടരുകയായിരുന്നു. വിലക്ക് വന്നതോടെ ബ്രസീലില്‍ ലോകകപ്പ് കാണാന്‍ പോകുന്നതിനുള്ള പദ്ധതിയും ബെക്കന്‍ബോവര്‍ ഉപേക്ഷിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍