ഹിറ്റ്ലര്‍ നികുതി വെട്ടിച്ച് സ്വിസ് ബാങ്കുകളില്‍ പൂഴ്ത്തിയത് 3.6 ബില്യന്‍
Thursday, June 26, 2014 8:04 AM IST
കൊളോണ്‍: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ നികുതി വെട്ടിപ്പ് നടത്തി 3.6 ബില്യന്‍ പൌണ്ട് സ്വിസ് ബാങ്കുകളില്‍ രഹസ്യമായി നിക്ഷേപിച്ചിരുന്നു എന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. ഇന്നത്തെ മൂല്യം അനുസരിച്ചാണ് ഇത്രയും കണക്കാക്കുന്നത്.

ജര്‍മന്‍ ജനതയ്ക്കു മുന്നില്‍, സ്വന്തമായി ഒട്ടും പണമില്ലാത്ത ആള്‍ എന്ന പ്രതിച്ഛായയാണ് ഹിറ്റ്ലര്‍ സൃഷ്ടിച്ചിരുന്നത്. എന്നാല്‍, ഇതു തെറ്റാണെന്നു തെളിയിക്കുന്ന രേഖകള്‍ ചരിത്രകാരന്‍മാര്‍ക്കു ലഭിച്ചു.

ഹിറ്റ്ലറുടെ മരണശേഷം ഈ പണത്തിന് എന്തു സംഭവിച്ചു എന്ന് ആര്‍ക്കും ഒരു രൂപവുമില്ല. പ്രസംഗങ്ങള്‍ക്കു സ്വീകരിക്കുന്ന ചെറിയ പ്രതിഫലം മാത്രമാണ് തന്റെ വരുമാനമെന്നാണ് ഹിറ്റ്ലര്‍ ജീവിതകാലത്ത് അവകാശപ്പെട്ടിരുന്നത്. സ്വന്തമായി ബാങ്ക് നിക്ഷേപം പോലുമില്ലെന്നും പറഞ്ഞിരുന്നു.

വെളിപ്പെടുത്തിയ പണത്തിനു പോലും നികുതി അടയ്ക്കാന്‍ ഹിറ്റ്ലര്‍ വിസമ്മതിച്ചിരുന്നു. അധികാരത്തിലിരിക്കുമ്പോള്‍ സ്വയം നികുതിയില്‍നിന്ന് ഒഴിവാക്കുന്ന നിയമവും പാസാക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍