കൊളോണില്‍ ഇന്ത്യന്‍ സമൂഹം ദുഃഖവെള്ളിയാചരിച്ചു
Saturday, April 19, 2014 8:11 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിശുദ്ധ വാരകര്‍മ്മങ്ങളില്‍ ദുഃഖവെള്ളിയാചരണം ഭക്തിസാന്ദ്രമായി. ഏപ്രില്‍ 18 ന് ദുഖ:വെള്ളി ദിനത്തില്‍ ഉച്ചകഴിഞ്ഞ് 3.45 ന് ജോസ് കവലേച്ചിറയിലും സംഘവും നടത്തിയ പാനവായനയോടുകൂടി കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.

ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ തിരുക്കര്‍മ്മങ്ങള്‍ നയിച്ചു. നാട്ടില്‍ നിന്നെത്തിയ ഫാ.ജോയി വട്ടോലി സിഎംഐ (തൃശൂര്‍ ദേവമാതാ പ്രോവിന്‍സ് അംഗം), ബനഡിക്ടന്‍ സഭാംഗവും പ്രശസ്ത ധ്യാനഗുരുവുമായ( ഫാ.ജോയി ചെമ്പകശേരി ഒഎസ്ബി (വയനാട് മക്കിയാട് ബനഡിക്ടന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍), ഫാ മനോജ് എന്നിവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായിരുന്നു.

ദുഃഖവെള്ളി ശുശ്രൂഷകളില്‍ ക്രിസ്തുവിന്റെ പീഢാനുഭചരിത്രത്തിന്റെ സ്മരണ പുതുക്കി. കപ്പൂച്ചിന്‍ സഭാംഗവും ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന ഫാ. മനോജ് ദുഃഖവെള്ളി സന്ദേശം നല്‍കി. സ്വര്‍ഗീയ പിതാവിന്റെ പൂര്‍ണമായ തിരുവിഷ്ടത്തിനു ജീവന്‍ ബലിനല്‍കിയ യേശുവിന്റെ സമര്‍പ്പണമാണ് പുല്‍ക്കൊടിതുല്യമായ മനുഷ്യര്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടതെന്ന് വചനസന്ദേശത്തിലൂടെ മനോജ് അച്ചന്‍ ഉദ്ബോധിപ്പിച്ചു. അനുദിന ജീവിതത്തിലുണ്ടാകുന്ന ദുഃഖവെള്ളികളും കുരിശുകളും പൂര്‍ണമനസോടെ ഏറ്റെടുക്കുമ്പോള്‍ ദൈവകരങ്ങളില്‍ നാം സുരക്ഷിതരായിരിക്കുമെന്നും അതുവഴി ദൈവസ്നേഹത്തിന്റെ പരിലാളനയില്‍ നമ്മെ സ്വര്‍ഗീയ ജീവിതത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുമെന്നും മനോജ് അച്ചന്‍ ഓര്‍മിപ്പിച്ചു.

ഡാനി ചാലായില്‍, ജിം, റിയാ വടക്കിനേത്ത്, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, വര്‍ഗീസ് ശ്രാമ്പിക്കല്‍ എന്നിവര്‍ ശുശ്രൂഷകരായിരുന്നു. സി. കരോളിന്‍, ബ്ര.സോണി, ലീലാമ്മ മാളേയ്ക്കല്‍ എന്നിവര്‍ ലേഖനം വായനയില്‍ പങ്കാളികളായി. യൂത്ത് കൊയറിന്റെ ഗാനാലാപനം തിരുക്കര്‍മ്മങ്ങള്‍ക്ക് ഭക്തിസാന്ദ്രത പകര്‍ന്നു.

പിന്റോ ചിറയത്ത്, സിസ്റര്‍ റിന്‍സി മരിയ എന്നിവര്‍ കുരിശിന്റെ വഴിക്ക് ധ്യാനചിന്തകള്‍ വായിച്ചു. ആഘോഷമായ കുരിശിന്റെ വഴിയും കയ്പുനീര്‍ പാനവും കുരിശുചുംബനവും ദുഃഖവെള്ളി കര്‍മ്മങ്ങളുടെ വിശ്വാസ്യതയും തീക്ഷ്ണതയും ആഴപ്പെടുത്തുന്ന ഘടകങ്ങളായിരുന്നു.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഏതാണ്ട് നാനൂറോളം പേര്‍ പങ്കെടുത്തു. കോഓര്‍ഡിനേഷന്‍ കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ തോമസ് അറമ്പന്‍കുടി, ജോസഫ് കളപ്പുരയ്ക്കല്‍, ആന്റണി സഖറിയാ, സുനിത വിതയത്തില്‍, ഹാനോ മൂര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍