കോഫി മെഷിനുകള്‍ യൂറോപ്പില്‍ നിരോധിക്കുന്നു
Wednesday, April 16, 2014 9:06 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ ജനതയുടെ ഇഷ്ടഭാജനമായ കോഫി മെഷിനുകള്‍ക്ക് യൂറോപ്പില്‍ നിരോധനം വരുന്നു.2015 ജനുവരി മുതലാണ് ഇതിന് നിയമപ്രാബല്യം. യൂറോപ്യരുടെ പ്രത്യേകിച്ച് ജര്‍മന്‍കാരുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഉപകരണമാണ് ഫില്‍റ്റര്‍ ഉപയോഗിച്ചുള്ള കോഫി മെഷീനുകള്‍.

ഇത്തരം മെഷീനുകള്‍ക്ക് വൈദ്യുതി ഉപയോഗം കൂടുതല്‍ ആണെന്നുള്ള കണ്ടെത്തലാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. ഫില്‍റ്റര്‍ ഉപയോഗിച്ച് കോഫി ഉണ്ടാക്കിക്കഴിഞ്ഞാലും ചൂടു നിലനിര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയ കോഫി തീരുന്നതുവരെ മെഷീന്‍ പ്രവര്‍ത്തന നിരതമാക്കുന്നതുവഴി വൈദ്യുതിയുടെ ഉപഭോഗം വളരെ കൂടുതലാവുന്നുണ്ട്. ഇങ്ങനെ പാഴാവുന്ന വൈദ്യുതി ഉപഭോഗം ലാഭപ്പെടുത്തുന്നതിനുവേണ്ടിയാണ് നിയമപ്രാബല്യം കൊണ്ടുവരുന്നത്. പലവിധത്തിലുള്ള കോഫി മെഷീനുകള്‍ യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. ഇത്തരം മെഷീനുകളുടെ ഏറ്റവും കുറഞ്ഞ സാധാരണ വില 10 യൂറോയാണ്. എന്നാല്‍ വിലയുടെ ഏറ്റക്കുറച്ചിലനുസരിച്ച് മെഷീനിന്റെ ഗുണമേന്മയും മറ്റു സംവിധാനങ്ങള്‍ക്കും മാറ്റമുണ്ടാവും. യൂറോപ്പിലെ ഒരു ജനപ്രിയ പാനീയമാണ് ഫില്‍റ്റര്‍ കോഫി.

നിരോധനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ കക്ഷി ഭേദമെന്യേയാണ് വിമര്‍ശകര്‍ രംഗത്തുവന്നിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍