വാര്‍ഷിക ധ്യാനം സമാപിച്ചു
Wednesday, April 16, 2014 8:57 AM IST
വിയന്ന: സഹജീവികള്‍ക്ക് നന്മചെയ്തുകൊണ്ട് ജീവിക്കുമ്പോഴാണ് ജീവിതങ്ങള്‍ സമ്പുഷ്ടമാകുകയുള്ളൂവെന്ന് പ്രശസ്ത ധ്യാനഗുരു ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍. ദൈവം നമ്മളെ ഏല്‍പ്പിച്ച ദൌത്യം നാം പൂര്‍ത്തീകരിക്കുമ്പോള്‍ മാത്രമാണ് ദൈവഹിതം നിറവേറ്റപ്പെടുന്നത്. വിയന്ന കത്തോലിക്ക ഇടവകയുടെ വാര്‍ഷിക ധ്യാനത്തിന്റെ സമാപനദിവസം വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

വൈദീകന്‍ അവനെയേല്‍പ്പിച്ച ദൌത്യം നിറവേറ്റാനും ഒരുപിതാവ് അവന്റെയും ഒരു മാതാവ് അവളുടെയും ഉത്തരവാദിത്തം നിറവേറ്റുവാനും ബാധ്യസ്ഥരാണ്. ജിവിതത്തില്‍ ഒരു നന്മയെങ്കിലും ചെയ്യുവാന്‍ സാധിക്കുന്നില്ലെങ്കില്‍ മനുഷ്യജീവിതത്തിനര്‍ഥമില്ല. ആര്‍ക്കും ഒരുപകാരവും

ചെയ്യാതെ ജിവിക്കുന്നവന്‍ മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നത്.

ക്രൈസ്തവ ജീവിതത്തിന്റെ അടിത്തറ, വിശ്വാസം, സുവിശേഷം, ധാര്‍മികത, പാരമ്പര്യം എന്നീ നാലു ഘടകങ്ങളില്‍ അടങ്ങിയിയിരിക്കുന്നു. ക്രൈസ്തവ സഭകള്‍ ശ്ളൈഹിക പാരമ്പര്യത്തില്‍ അധിഷ്ടിതമാണ്. അതില്‍നിന്നുമാണ് സഭയുടെ ശുശ്രൂഷകളും ആരാധനാക്രമങ്ങളും കുടുംബ പ്രാര്‍ഥനകളും ദൈവമാതാവിനോടുള്ള വണക്കവുമൊക്കെ ഉണ്ടായിരിക്കുന്നത്.

കത്തോലിക്ക, യാക്കോബായ,ഓര്‍ത്തഡോക്സ് സഭകള്‍ ശ്ളൈഹിക പാരമ്പര്യത്തില്‍ വിശ്വസിക്കുമ്പോള്‍ എന്നാല്‍ വ്യക്തികള്‍ രൂപം നല്‍കിയ സഭകള്‍ ശ്ളൈഹിക പാരമ്പര്യത്തിലധിഷ്ടിതമല്ല എന്നതാണ് വാസ്തവം. ദൈവമാതാവിനോടുള്ള ഭക്തി ക്രൈസ്തവ പാരമ്പര്യത്തില്‍ അധിഷ്ഠിതമായതാണ്.

യേശുക്രിസ്തുവിന്റെ മനുഷ്യവതാരത്തിലൂടെയും കുരിശിന്റെ ചുവട്ടിലും ക്രൈസ്തവ സഭയുടെ ആരംഭത്തിലും പരിശുദ്ധ കന്യാമറിയം ദൈവഹിതത്തിന് കിഴടങ്ങുന്നത് പാരമ്പര്യത്തിലും ബൈബിളിലും നമുക്കുകാണുവാന്‍ കഴിയും. അതുകൊണ്ടാണ് ക്രൈസ്തവസഭയുടെ ആരംഭംമുതല്‍ പരിശുദ്ധ കന്യാമറിയത്തെ ക്രൈസ്തവ സഭകള്‍ വണങ്ങുന്നത് ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അതുപോലെ വിവിധ കമ്മിറ്റികള്‍, ഒലിവുമലയില്‍ ജോസ്, ഡെന്നീസ് ഇന്ത്യാഗേറ്റ്, സിറിയക് ചെറുകാട്ടില്‍,കുമ്പസാര ശുശ്രൂഷ നടത്തിയ വൈദികര്‍,സര്‍വോപരി ധ്യാനത്തിന് നേതൃത്വം നല്‍കിയ ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ തുടങ്ങിയ എല്ലാവര്‍ക്കും ഐസിസി ചാപ്ളെയിന്‍ ഫാ.തോമസ് താണ്ടപ്പള്ളി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍