അഡ്വ. സജീവ് ജോസഫിന് ഡബ്ളിന്‍ എയര്‍ പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം
Wednesday, April 16, 2014 8:54 AM IST
ഡബ്ളിന്‍ : അയര്‍ലന്‍ഡില്‍ ഹൃസ്വസന്ദര്‍ശനത്തിനായെത്തിയ കെപിസിസി ജനറല്‍ സെക്രട്ടറിയും നെഹ്റു യുവകേന്ദ്രയുടെ നാഷണല്‍ ഡയറക്ടറുമായ അഡ്വ.സജീവ് ജോസഫിന് ഡബ്ളിന്‍ എയര്‍ പോര്‍ട്ടില്‍ പ്രൌഡഗംഭീരമായ സ്വീകരണം നല്‍കി. ഒഐസിസി പ്രസിഡന്റ്് ബൊക്കെ നല്‍കി സ്വീകരിച്ചു. ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന അയര്‍ലന്‍ഡ് ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഹനീയമാണെന്നും ഒന്നിച്ചുള്ള പ്രവര്‍ത്തനം സംഘടനക്ക് കരുത്തുപകരുമെന്നും സജീവ് ജോസഫ് സ്വീകരണ ചടങ്ങില്‍ പറഞ്ഞു. അഡ്വ. സിബി സെബാസ്റ്യന്‍, ബേബി അര്‍ത്താറ്റ്, ബീംഗ്സ് പി.ബി എന്നിവരും ഒഐസിസി നേതാക്കളായ റോണി കുരിശിങ്കല്‍ പറമ്പില്‍, ജിപ്സണ്‍ ജെയിംസ്, ജോണ്‍ കൊറ്റത്തില്‍, ഷിബു ജോസഫ്, ജോസുകുട്ടി, ക്രിസ്റഫര്‍ എന്നിവരും ചേര്‍ന്ന് സജീവിനെ സ്വീകരിച്ചു.

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ ദേശീയ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് അഡ്വ.സജീവ് ജോസഫ്. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയായ ഇദ്ദേഹം കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, കണ്‍സ്യുമര്‍ കോടതി മെമ്പര്‍, മനുഷ്യാവകാശ വിഭാഗം ദേശീയ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് എന്‍ക്വയറി കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ തലവനായിരുന്നു. കെപിസിസിയില്‍ യൂണിറ്റ് മാനേജ്മെന്റിന്റേയും കെഎസ്യുവിന്റേയും ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.

ഇത്തവണ നടക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മാനിഫെസ്റ്റൊ തയാറാക്കുന്ന കമ്മിറ്റിയില്‍ പ്രമുഖനായിരുന്നു. പ്രവാസികളുടെ ആവശ്യം പരിഗണിച്ച് കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ പ്രവാസി ഓണ്‍ ലൈന്‍ വോട്ടവകാശം നടപടി സ്വീകരിക്കാനുള്ള ശിപാര്‍ശയും ചേര്‍ത്തിരുന്നത് സജീവിന്റെ പ്രവര്‍ത്തനം ആയിരുന്നു.

റിപ്പോര്‍ട്ട്: റോണി കുരിശുങ്കില്‍പറമ്പില്‍