ലിവര്‍പൂള്‍ മലയാളികള്‍ ഓശാനയുടെ നിറവില്‍; കുരുത്തോലകളുമേന്തി വിശ്വാസികള്‍
Wednesday, April 16, 2014 8:45 AM IST
ലിവര്‍പൂള്‍: ലിവര്‍പൂളിലെ ചെമ്പേരി നിവാസികള്‍ ഓശാന ഞായര്‍ ആഘോഷിച്ചു. കേരള കത്തോലിക്ക കമ്യൂണിറ്റി ഫസാര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ ഹോളി നെയിം ചര്‍ചചില്‍ നടന്ന ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയ്ക്കും കുരുത്തോല വെഞ്ചരിപ്പും കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും നടന്നു.

ലിവര്‍പൂളിലെ ക്രൈസ്തവ വിശ്വാസികള്‍ സകുടുംബം പങ്കെടുത്ത തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ഫിലിപ്പ് കുഴിപറമ്പില്‍ വിനയത്തിന്റേയും താഴ്മയുടേയും സഹനത്തിന്റേയും മാതൃക എല്ലാവരും ജീവിതത്തില്‍ ഉള്‍ക്കൊള്ളണമെന്ന് സന്ദേശത്തില്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. ഗായക സംഘത്തിന്റെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ തിരുക്കര്‍മ്മങ്ങളെ കൂടുതല്‍ ഭക്തിയുടെ നിറവില്‍ എത്തിച്ചു.

ഇടവക ദേവാലയമായ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന പള്ളിയില്‍ രാവിലെ ഏഴിന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ റവ. ഡോ. ജോസഫ് കരിനാട്ട് മുഖ്യകാര്‍മിത്വം വഹിച്ചു. മൂവായിരത്തോളം പേര്‍ പങ്കെടുത്ത ഓശാന ഞായര്‍ ആഘോഷങ്ങള്‍ക്ക് ഫാ. ജോസ് വയലുങ്കല്‍, ഫാ. സെബാസ്റ്യന്‍ വെമ്മേനിക്കട്ടയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ജറുസലേം നഗരത്തില്‍ എത്തിയ യേശുക്രിസ്തു നമ്മെ വിനയത്തിന്റെയും സഹനത്തിന്റേയും ലാളിത്യത്തിന്റേയും ഒരു പുതിയ പാതയാണ് കാണിച്ചുതന്നതെന്ന് തിരുനാള്‍ സന്ദേശത്തില്‍ റവ. ഡോ. ജോസഫ് കരിനാട്ട് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്