മാര്‍ ഇവാനിയോസ് മലങ്കര മിഷന്‍ വിയന്നയുടെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്‍
Monday, April 14, 2014 8:32 AM IST
വിയന്ന: മാര്‍ ഇവാനിയോസ് മലങ്കര മിഷന്റെ ആരാധനക്രമം അനുസരിച്ചുള്ള ഹാശ ആഴ്ചയിലെ ശുശ്രൂഷകള്‍ വിയന്നയിലെ ബ്രൈറ്റന്‍ഫെല്‍ഡ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ നടക്കും. വലിയ ആഴ്ചയിലെ ഉയിര്‍പ്പ് വരെയുള്ള എല്ലാ ശുശ്രൂഷകള്‍ക്കും ഓസ്ട്രിയയിലെ മലങ്കര മിഷന് നേതൃത്വം നല്‍കുന്ന ഫാ. തോമസ് പ്രശോഭ് മുഖ്യ കാര്‍മികത്വം വഹിക്കും. ഓശാനയുടെ ശുശ്രൂഷകള്‍ ഇന്നലെ ബ്രൈറ്റന്‍ഫെല്‍ഡ് ദേവാലയത്തില്‍ നടന്നു.

പെസഹ കുര്‍ബാനയും അപ്പം മുറിക്കലും ഏപ്രില്‍ 17ന് (വ്യാഴം) രാവിലെ ഒമ്പതിന് ആരംഭിക്കും. ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രുഷകള്‍ രാവിലെ ഒമ്പതിന് ആരംഭിച്ച് 12.30ന് അവസാനിക്കും. യാമ പ്രാര്‍ഥനകള്‍, കുരിശിന്റെ വഴിയെ അനുസ്മരിക്കുന്ന പ്രദക്ഷിണം, സ്ളീബാവന്ദനം, കബറടക്കം എന്നീ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പ്നീരും, മലങ്കര ആചാരമനുസരിച്ചുള്ള നേര്‍ച്ച കഞ്ഞിയും ഉണ്ടായിരിക്കും.

ദുഃഖ ശനിയാഴ്ച രാവിലെ ഒമ്പതിന് മരിച്ചവര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ഉയിര്‍പ്പ് തിരുനാളിന്റെ ശുശ്രൂഷകള്‍ ശനിയാഴ്ച വൈകിട്ട് ആറിന് ആരംഭിക്കും. പ്രാര്‍ഥനകള്‍ക്കുശേഷം ഉയിര്‍പ്പ് പ്രഖ്യാപനം, പ്രദക്ഷിണം, സ്ളീബാ ആഘോഷം, സമാധാന ശുശ്രൂഷ, ആഘോഷമായ വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി