ഫാ. ജോസഫ് പുത്തന്‍പുരയുടെ ധ്യാനം വിയന്നയില്‍ പുരോഗമിക്കുന്നു
Thursday, April 10, 2014 8:32 AM IST
വിയന്ന: പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന വാര്‍ഷിക ധ്യാനത്തിനു ഉജ്ജല തുടക്കമായി. ധ്യാനത്തിന്റെ ആദ്യ ദിനത്തില്‍ നല്‍കിയ പ്രഭാഷണത്തില്‍ നിത്യ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളും സംഭവങ്ങളും വിശദീകരിച്ച ഫാ. പുത്തന്‍പുര കുടുംബം ദൈവസ്നേഹത്തിന്റെ പ്രകാശനവേദിയാകണമെന്ന് അഭിപ്രായപ്പെട്ടു. കുടുംബത്തിലൂടെ വളര്‍ന്നു ദൈവ സ്നേഹം അനുഭവിക്കണം. ആഴമായ കെട്ടുറപ്പുള്ള ഭാര്യാഭര്‍ത്താക്കന്മാരെയാണ് ഇന്ന് ലോകത്തിന്റെ വിശുദ്ധീകരണത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റി വിയന്നയുടെ വാര്‍ഷിക ധ്യാനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പതിവിനു വിപരീതമായി ധ്യാന ഹാളിന് ഉള്‍കൊള്ളാന്‍ കഴിയുന്നതിലുംപേര്‍ ഫാ. പുത്തന്‍പുരയെ ശ്രവിക്കാന്‍ എത്തിയെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഫാ. പുത്തന്‍പുരയുടെ നിരവധി പ്രഭാഷണങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും യുടുബിലും വൈറലായി മാറിയട്ടുണ്ട്. ലളിതമായ ശൈലിയില്‍ കേള്‍വിക്കാരെ ഒട്ടും മുഷിപ്പിക്കാതെയാണ് അദ്ദേഹം സന്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്.

വിയന്നയിലെ സ്റഡ്ലൌ പള്ളിയില്‍ ഏപ്രില്‍ ഒമ്പതു മുതല്‍ 14 വരെയാണ് ധ്യാനം. 9ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകുന്നേരം നാലു വരെയും, 10ന് 9.15 മുതല്‍ 7.30 വരെയും, 11ന് ഒമ്പതു മുതല്‍ 7.30 വരെയും, 12ന് (സമാപന ദിനം) 9 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയുമാണ് ധ്യാന സമയം. ആരധനയോടു കൂടി ധ്യാനം സമാപിക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി