ഡബ്ളിനില്‍ അഡ്വ. സജീവ് ജോസഫിന് പൌരസ്വീകരണം
Thursday, April 10, 2014 8:31 AM IST
ഡബ്ളിന്‍: നെഹ്റു യുവകേന്ദ്രയുടെ നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും (മെമ്പര്‍, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ്) കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫിന് ഒഐസിസി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ പൌര സ്വീകരണം നല്‍കുന്നു.

എല്ലാ പ്രവാസി സംഘടനകളുടെയും സാംസ്കാരിക സംഘടനകളുടേയും മുന്‍ നിരഭാരവാഹികളും പ്രമുഖരും പ്രവര്‍ത്തകരും ഐറീഷ് സര്‍ക്കാരിന്റെ യുവജന ഷേമ വകുപ്പിലെ പ്രമുഖരും പങ്കെടുക്കുന്ന പൌരസ്വീകരണം ഡബ്ളിനിലെ യുറേഷ്യ ഹാളില്‍ ഏപ്രില്‍ 15 ന് വൈകുന്നേരം അഞ്ചിന് നടക്കുന്നു.

പൌരസ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിനുശേഷം ഡബ്ളിനിലെ പ്രമുഖ ഗാനമേള ട്രൂപ്പ് ഒരുക്കുന്ന ഗാനമേളയും കൊച്ചു കലാകാരികള്‍ ഒരുക്കുന്ന വൈവിദ്യമായ ഡാന്‍സ്, മറ്റു കലാപരിപാടികളും നടക്കും. കലാരംഗത്ത് കഴിവു തെളിയിച്ച് പ്രശസ്തരായവരെ ചടങ്ങില്‍ ആദരിക്കും.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന സജീവ് ജോസഫ് കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് മനുഷ്യാവകാശ വിഭാഗം ദേശീയ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് എന്‍ക്വയറി കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2012 ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ തലവനായിരുന്നു. കണ്ണൂരിലെ ഉളിക്കല്‍ സ്വദേശിയായ അഡ്വ. സജീവ് ജോസഫ് കെപിസിസിയില്‍ യൂണിറ്റ് മാനേജ്മെന്റിന്റേയും കെഎസ്യുവിന്റേയും ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിയും രാഹുല്‍ ബ്രിഗേഡ് അംഗവുമാണ്. കഴിഞ്ഞ മാസം ജനുവരിയിലാണ് സജീവ് ജോസഫിനെ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവകേന്ദ്രയില്‍ ദേശീയ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തത്. കായിക മന്ത്രി ജിതേന്ദ്ര സിംഗ് അധ്യക്ഷനായ യുവകേന്ദ്രയില്‍ മൂന്നു വര്‍ഷത്തേക്കാണ് സജീവിനെ കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്.

പൌരസ്വീകരണത്തിലും സാംസ്കാരിക സമ്മേളനത്തിലും ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0851667794, 0894433676, പിന്റോ റോയി: 0872808167.