ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു
Monday, April 7, 2014 7:02 AM IST
ഓക്സ്ഫോര്‍ഡ്: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ മേലധ്യക്ഷനായ കാലം ചെയ്ത മോറോന്‍ മോര്‍ ഇഗ് നാത്തിയോസ് സഖാ പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍ ഇടവക അനുശോചിച്ചു.

ഏപ്രില്‍ അഞ്ചിന് വി. കുര്‍ബാനാന്തരം പ്രത്യേക ധൂപപ്രാര്‍ഥനയും അനുസ്മരണ യോഗവും നടന്നു.

ക്രൈസ്തവ സഭകള്‍ ഒന്നായി സ്നേഹത്തിലും കൂട്ടായ്മയിലും മുമ്പോട്ടുപോകണമെന്നാഗ്രഹിക്കുകയും അതിനായി മുന്നിട്ടിറങ്ങുകയും ശ്രദ്ധേയമായ പല ചുവടുവയ്പുകളും നടത്തിയ ബാവാ സഭാ ചരിത്രത്തിന്റെ ഏടുകളില്‍ എന്നും സ്മരിക്കപ്പെടുമെന്ന് വികാരി റവ. ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് അഭിപ്രായപ്പെട്ടു.

പിതാവിന്റെ ദേഹവിയോഗത്തില്‍ വേദനിക്കുന്ന ലോകമെമ്പാടുമുള്ള സുറിയാനി സഭയുടെ ദുഃഖത്തില്‍ ഇടവകയിലെ മുഴുവന്‍ അംഗങ്ങളും പങ്കുചേരുന്നതായി സെക്രട്ടറി ജിറ്റു പറഞ്ഞു.

റിപ്പോര്‍ട്ട്: എബി കുര്യന്‍സ്