ഒഐസിസി യുകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അവസാനഘട്ടത്തിലേക്ക്
Monday, April 7, 2014 7:01 AM IST
ലണ്ടന്‍: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സുസ്ഥിര ഭരണം ഉറപ്പാക്കുവാന്‍ മതേതരത്വത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായി ഒഐസിസി നടത്തുന്ന പ്രചാരണ പരിപാടികള്‍ ആഴ്ചകള്‍ പിന്നിട്ട് അവസാനഘട്ടത്തിലെത്തി. കഴിഞ്ഞ മാസം ഈസ്റ് ഹാമില്‍ ഒഐസിസിയുടെ കണ്‍വീനര്‍ ടി.ഹരിദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്ന യുഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കൂടിയും യുകെയിലെ പ്രവാസികളെ നേരില്‍കണ്ട് അവരുടെ നാട്ടിലെ ബന്ധുക്കളുടെ വോട്ട് യുഡിഎഫിന് അനുകൂലമാക്കികൊണ്ടുള്ള പ്രചാരണ പരിപാടികള്‍ക്കാണ് ഒഐസിസി നേതൃത്വം നല്‍കുന്നത് .

ഈസ്റ് ഹാമില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ഒഐസിസിയുടെ ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് മാറി നിന്ന് പ്രവര്‍ത്തിച്ചുവന്ന ടോണി ചെറിയാന്‍, തോമസ് കാക്കശേരി, കുമാര്‍ സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ലണ്ടനിലെ മുഴുവന്‍ പ്രവര്‍ത്തകരും ഔദ്യോഗിക വിഭാഗത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനമായി. സറേ റീജിയണില്‍ സുനു ദത്തിന്റേയും ബേബിക്കുട്ടി ജോര്‍ജിന്റേയും നേതൃത്വത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സോണിയാഗാന്ധി നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ നേതൃത്വത്തില്‍ ശക്തമായ ഗവണ്‍മെന്റ് നിലവില്‍ വരുന്നതിനായി രംഗത്തിറങ്ങി.

ഒഐസിസി യുകെ നാഷണല്‍ കണ്‍വീനര്‍ ഹരിദാസ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ജോയിന്‍ കണ്‍വീനര്‍ കെ.എം മോഹന്‍ദാസ് ചെയര്‍മാന്മാരായ ഗിരി മാധവന്‍, ബിജു കല്ലമ്പലം, സുജു കെ. ഡാനിയല്‍, ബിജു കോഷി, റീജിയണ്‍ ഭാരവാഹികായി ടോണി ചെറിയാന്‍, പ്രസാദ് കൊച്ചുവിള, ബിജു കരിയില്‍,ബിജു ഗോപിനാഥ്, മഹേഷ്, ഏബ്രഹാം വാഴൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒഐസിസിയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ കൂടിച്ചേരലിന് നാന്ദി കുറിച്ച് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ആലേഖനം ചെയ്ത കേക്ക് മുറിച്ചാണ് പ്രവര്‍ത്തകര്‍ ആഹ്ളാദം പങ്കുവച്ചത്.