ഓസ്മതെര്‍ലി കുന്നുകളിലേക്ക് പീഡാനുഭവയാത്രക്ക് ഒരുങ്ങുന്നു
Monday, April 7, 2014 6:56 AM IST
ന്യൂകാസില്‍: കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓര്‍മ്മ പുതുക്കാനായി നോര്‍ത്ത് ഈസ്റിലെ മലയാളി ക്രൈസ്തവ വിശ്വാസികള്‍ ഒസ്മതെര്‍ലി കുന്നുകളിലേക്ക് ദുഃഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു.

ഇംഗ്ളീഷ് ക്രൈസ്തവരുടെ പാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെര്‍ലി കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ദുഃഖവെള്ളിയാഴ്ച പ്രാര്‍ഥനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും.

ദുഃഖവെള്ളിയാഴ്ച (ഏപ്രില്‍ 18ന്) രാവിലെ 10 ന് തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയില്‍ ഇംഗ്ളീഷ് വിശ്വസികള്‍ക്കൊപ്പം മലയാളി ക്രൈസ്തവരും അണിനിരക്കും. തുടര്‍ന്ന് നടക്കുന്ന ദുഃഖവെള്ളിയിലെ പ്രാര്‍ഥനകള്‍ക്ക് സീറോ മലബാര്‍ കാത്തലിക് ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോണ്‍ എഫ്. ചെറിയവള്ളി വിസി (ഡയറക്ടര്‍, കാര്‍മെല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം, ഡാര്‍ലിംഗ്ടണ്‍) ദുഃഖവെള്ളി സന്ദേശം നല്‍കും.

പ്രൈവറ്റ് വാഹനങ്ങളില്‍ വരുന്നവര്‍ റോഡ് സൈഡില്‍ പാര്‍ക്കിംഗ് നടത്തരുത്. പ്രത്യേകം തയാറാക്കിയ പാര്‍ക്കിംഗ് സൌകര്യം ഉപയോഗിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07590516672.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്