ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞ് പാകിസ്ഥാനില്‍ കൊലക്കേസില്‍ പ്രതിയായി
Saturday, April 5, 2014 5:06 AM IST
ബര്‍ലിന്‍:കേവലം ഒന്‍പതുമാസം പ്രായമുള്ള കൈക്കുഞ്ഞ് ഒരു കൊലപാതക കേസില്‍ പ്രതിയാകുന്ന വാര്‍ത്ത വിവരബോധമുള്ളവര്‍ മാത്രമല്ല ലോകത്തില്‍ ആരും വിശ്വസിയ്ക്കില്ല. എന്നാല്‍ പക്ഷപാതവും, കൊടുംക്രൂരതയും മതഭ്രാന്തും കൊടികുത്തി വാഴുന്ന പാകിസ്ഥാനില്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

പാകിസ്ഥാന്‍ പോലീസിന്റെ കുബുദ്ധിയില്‍ ഉരുത്തിരിഞ്ഞതാണ് ഈ ചതി പ്രയോഗം. വെറും ഒന്‍പത് മാസം പ്രായമുള്ള മുഹമ്മദ് മൂസാഖാന്‍ എന്ന പിഞ്ചു പൈതലിനെയാണ് കൊലക്കുറ്റത്തിന്റെ പേരില്‍ അറസ്റുചെയ്തു കോടതിയില്‍ ഹാജരാക്കിയിരിയ്ക്കുന്നത്. മൂസാഖാന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കുട്ടിയെയും കോടതിയില്‍ ഹാജരാക്കിയിരിയ്ക്കുന്നത്.

കുട്ടിയ്ക്കെതിരെ ചുമത്തിയിരിയ്ക്കുന്ന കുറ്റങ്ങള്‍ കേട്ടാല്‍ ആരും നെറ്റി ചുളുക്കുക മാത്രമല്ല സത്യത്തില്‍ ഞെട്ടിപ്പോകും. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദി ഈ പൈതല്‍ എന്നു മാത്രമല്ല പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പോലീസിനെ ഭിഷണപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കുട്ടിയെ അറസ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരിയ്ക്കുന്നത്. നിപ്പിളേന്തിയ കുപ്പിയും വായില്‍ നുണഞ്ഞു കോടതിയില്‍ എത്തിയ കുഞ്ഞിന്റെ വാര്‍ത്ത ലോക മാദ്ധ്യമങ്ങള്‍ പുറത്തെത്തിച്ചുകഴിഞ്ഞിട്ടും പാകിസ്ഥാന്‍ പോലീസിന് യാതൊരു കുലുക്കവുമില്ല.

കുടുംബവൈരാഗ്യം മൂത്തപ്പോള്‍ ആരോ കൊടുത്ത പരാതിയില്‍ മൂസാഖാനെ ഉള്‍പ്പടെ മുഴുവന്‍ കുടുംബാംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുക മാത്രമല്ല കോടതിയിലെത്തിച്ച് അനന്തര നടപടികള്‍ക്കായി കാത്തിരിയ്ക്കുകയാണ് കേസിലെ വാദി.

പോലീസിന്റെ മന:സാക്ഷിയ്ക്കു നിരക്കാത്ത ഈ നടപടിയ്ക്കെതിരെ പാകിസ്ഥാനില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. കേസ് രജിസ്റര്‍ ചെയ്ത പോലീസ് ഓഫീസര്‍ ഖാസിഫ് അഹമ്മദ് ഇതിനിടെ സസ്പെന്‍ഷനിലുമായി.

കള്ളക്കേസാണെങ്കിലും വിചാരണ പൂര്‍ത്തിയായെങ്കില്‍ മാത്രമേ കുട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കാനാവു. സംഭവത്തില്‍ പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍