സ്കൈ ഡൈവിംഗിലും വിജയംകുറിച്ച് ചിറമ്മേലച്ചന്‍
Thursday, April 3, 2014 8:56 AM IST
ലണ്ടന്‍: കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനും വൃക്ക ദാന പ്രസ്ഥാനത്തിലൂടെ പ്രശസ്തനുമായ ഫാ. ഡേവിസ് ചിറമ്മേല്‍ ഇംഗ്ളണ്ടിലെ ലങ്കാസ്ററില്‍ നടത്തിയ സ്കൈ ഡൈവിംഗ് വിജയകരമായി.

പത്തുമിനിറ്റോളം സമയമെടുത്താണ് ചിറമ്മേലച്ചന്‍ ലാന്‍ഡ് ചെയ്തത്. അച്ചനൊപ്പം രണ്ടു ഘട്ടമായി പത്തുപേര്‍ കൂടി സ്കൈ ഡൈവിംഗില്‍ പങ്കെടുത്തു. രണ്ടാമത്തെ ചാട്ടത്തിലാണ് അച്ചന്‍ വിജയം കണ്ടത്.

വിദേശമാധ്യമങ്ങളും ഗിന്നസ്ബുക്ക് അധികൃതരും അച്ചന്റെ ചാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ലങ്കാസ്ററില്‍ എത്തിയിരുന്നു.

ആകാശത്തു പറന്നുയര്‍ന്ന അച്ചന്‍ 15,000 അടി ഉയരത്തില്‍ നിന്നാണ് ചാടിയത്. പ്രദേശിക സമയം രാവിലെ ഏഴരയോടെയായിരുന്നു അച്ചന്റെ ചാട്ടം. സ്കൈ ഡൈവിംഗ് രംഗത്തെ പ്രമുഖ സംഘാടകരായ ബ്ളാക്ക് ആന്‍ഡ് നൈറ്റ്സ് എന്ന പ്രസ്ഥാനമാണ് ക്രമീകരണങ്ങള്‍ ഒരുക്കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍