മാര്‍പാപ്പമാര്‍ വിശുദ്ധപദവിയിലേക്ക്; വത്തിക്കാന്‍ ഒരുക്കത്തിന്റെ ചൂടില്‍
Wednesday, April 2, 2014 8:16 AM IST
വത്തിക്കാന്‍സിറ്റി: കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ടു മാര്‍പാപ്പമാരുടെ വിശുദ്ധപ്രഖ്യാപന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയും ചത്വരവും ഒരുങ്ങുന്നു.

കാലം ചെയ്ത ജോണ്‍ പോള്‍ രണ്ടാമനെയും ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയെയുമാണ് ഏപ്രില്‍ 27 ന് വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് പതിനാറന്‍ പോപ്പ് എമരിറ്റസ് മുഖ്യാതിഥിയായിരിക്കും. ഇതും സഭയുടെ ചരിത്രത്തില്‍ ഒരപൂര്‍വ സന്ദര്‍ഭമാണ്. അഞ്ചു മുതല്‍ ഏഴു മില്യന്‍ വരെ വിശ്വാസികള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനിലെത്തുമെന്നാണ് വത്തിക്കാന്‍ പോലീസ് അധികാരികളുടെ കണക്കുകൂട്ടല്‍. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തന്നെ രണ്ടര ലക്ഷം പേര്‍ തമ്പടിക്കുമെന്നാണ് കരുതുന്നത്. ചടങ്ങിന്റെ തല്‍സമയ സംപ്രേക്ഷണവും സാധ്യമാക്കുന്നുണ്ട്.

1978 മുതല്‍ 2005 വരെ 27 വര്‍ഷക്കാലം സഭയെ നയിച്ച പിതാവായിരുന്നു പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍. 19958 മുതല്‍ 1963 വരെ സഭയുടെ അമരത്തിരുന്ന് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വിളിച്ചു ചേര്‍ത്തു സഭയില്‍ പുതുവത്കരണം നടത്തിയ വ്യക്തി പ്രഭാവമുള്ള ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായെയും വിശുദ്ധരാക്കുന്ന വേള സഭയുടെ ചരിത്രത്തില്‍തന്നെ സ്വര്‍ണലിപികളില്‍ എഴുതപ്പെടും.

ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ റോമിലെ മിക്ക ഹോട്ടലുകളും ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. തെരഞ്ഞെടുക്കപെട്ട 11 പള്ളികളില്‍ ചടങ്ങിന്റെ തലേ രാത്രിയില്‍ ഏഴു ഭാഷകളിലുള്ള പ്രാര്‍ഥനകളും നൈറ്റ് വിജിലും നടക്കും.

ചടങ്ങിന്റെ ഒരുക്കങ്ങള്‍ വളരെ ധൃതഗതിയില്‍ നടക്കുന്നതായി റോം കര്‍ദ്ദിനാള്‍ അഗസ്തിനോ വലീനി അറിയിച്ചു.

2005 ഏപ്രില്‍ രണ്ടിനാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ എണ്‍പത്തിനാലാമത്തെ വയസില്‍ കാലം ചെയ്തത്. 2011 മേയ് ഒന്നിനാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്തിയത്. കാലം ചെയ്തതിനുശേഷം കുറഞ്ഞൊരു കാലത്തിനുള്ളില്‍ വിശുദ്ധനാക്കി പ്രഖ്യാപിക്കുന്നത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ കാര്യത്തില്‍ മാത്രമാണ്. ഇറ്റാലിയന്‍കാരനായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പാ 1963 ജൂണ്‍ മൂന്നിനാണ് കാലം ചെയ്തത്. 2000 സെപ്റ്റംബര്‍ മൂന്നിനാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്തിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍