ഒഐസിസി യുകെ പ്രചാരണം കൂടുതല്‍ ശക്തമാക്കുന്നു
Tuesday, April 1, 2014 6:46 AM IST
ലണ്ടന്‍: ഇന്ത്യ നിര്‍ണായകമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി വിവിധ പ്രചാരണ പരിപാടികളുമായി ആഗോള പ്രവാസി മലയാളി സമൂഹത്തിനു മുമ്പില്‍ ഒഐസിസി യുകെ ശ്രദ്ധേയമാകുന്നു.

നാട്ടിലേയ്ക്ക് പത്ത് ദിവസം സൌജന്യമായി ഫോണ്‍ വിളിക്കാന്‍ സാധിക്കുന്ന ഫ്രീ അക്സ് നമ്പരാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഏറ്റവുമൊടുവില്‍ രംഗത്ത് ഇറക്കിയിട്ടുള്ളത്.

ആഴ്ച്ചകളായി സോഷ്യല്‍ മീഡിയകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സജീവമായി പ്രചാരണം നടത്തി വരുന്നതിനു പുറമേ 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നും യുകെയിലേയ്ക്ക് കുടിയേറിയിട്ടുള്ള മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണകമ്മിറ്റിയും രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സൌജന്യമായി നാട്ടിലേയ്ക്ക് ഫോണ്‍ വിളിക്കുന്നതിനുവേണ്ടിയുള്ള അവസരം ഒരുക്കിയിരിക്കുന്നത്.

യുകെയിലെ എല്ലാ മലയാളികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് സൌജന്യമായി വിളിക്കാവുന്ന അക്സസ് നമ്പര്‍ പുറത്തിറക്കിയിട്ടുള്ളത്. 03301222690 എന്നതാണ് ഫ്രീ അക്സസ് നമ്പര്‍. എല്ലാ യുകെ ലാന്‍ഡ് ലൈനില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ നിന്നും സാധാരണ ലോക്കല്‍ കോള്‍ ചെയ്യുന്നതുപോലെതന്നെ ഫ്രീ അക്സസ് നമ്പരിലേയ്ക്ക് വിളിക്കുകയും തുടര്‍ന്ന് നാട്ടിലെ നമ്പര്‍ ഡയല്‍ ചെയ്താലും മതിയാവും. 01, 02 എന്നിങ്ങനെ തുടങ്ങുന്ന യുകെയിലെ ലാന്‍ഡ് നമ്പരുകളിലേയ്ക്ക് വിളിക്കുന്നതുപോലെ മാത്രമേ ഫ്രീ നമ്പരിലേയ്ക്ക് വിളിക്കുന്നതും കണക്കാക്കപ്പെടുകയുള്ളൂ. മൊബൈലില്‍ നിന്നും വിളിക്കുകയാണെങ്കില്‍ ഫ്രീ മിനുട്ടുകളില്‍ നിന്നും ഈ നമ്പരിലൂടെ വിളിക്കുന്ന സമയം കുറയും.

കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുന്നതിനുവേണ്ടി യുകെയിലെ എല്ലാ മലയാളികളും നാട്ടിലുള്ള കുടുംബാംഗങ്ങളേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും ഫോണ്‍ ചെയ്ത് വോട്ട് ഉറപ്പാക്കുന്നതിനായി ഈ അവസരം വിനയോഗിക്കണമെന്ന് ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

ഏപ്രില്‍ ഒന്നു മുതല്‍ വോട്ടെടുപ്പ് നടക്കുന്ന 10-ാം തീയതി വരെയാവും സൌജന്യമായി നാട്ടിലേയ്ക്ക് വിളിക്കുവാന്‍ കഴിയുന്ന ഈ അക്സസ് നമ്പരിന്റെ സേവനം ലഭ്യമാവുകയുള്ളൂ. ഇന്ത്യയിലെ ഏത് ലാന്റ്, മൊബൈല്‍ നമ്പരിലേയ്ക്കും വിളിക്കുവാന്‍ ഉപകരിക്കുന്നതാണ് ഈ ഫ്രീ നമ്പര്‍ എന്നുള്ളതു കൊണ്ട് കേരളത്തിനു പുറമേയുള്ള സംസ്ഥാനങ്ങളില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തതിനു ശേഷം യുകെയിലേയ്ക്ക് കുടിയേറിയിട്ടുള്ള മലയാളികള്‍ അവിടങ്ങളില്‍ വോട്ടുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഫോണ്‍ ചെയ്ത് കോണ്‍ഗ്രസിനു വോട്ട് ചെയ്യുന്നതിനു അഭ്യര്‍ഥിക്കണമെന്നും ഒഐസിസി യുകെ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

പ്രവാസി വോട്ടവകാശം ഉള്‍പ്പെടെ നിരവധി പ്രവാസി അനുകൂല പദ്ധതികള്‍ നടപ്പിലാക്കിയതാണ് കാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍, സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനു അധികാര തുടര്‍ച്ച നല്‍കുന്നതിനും രാജ്യത്ത് ജനാധിപത്യ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ഉറപ്പാക്കുന്നതിനും വേണ്ടി യുകെയിലെ പ്രവാസി മലയാളികളുടെ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാവണം.

കേരളത്തിലെ 20 മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുന്നതിനുവേണ്ടിയും ഈ അവസരം വിനയോഗിക്കണമെന്നും ഒഐസിസി നാഷണല്‍ കമ്മിറ്റിക്കുവേണ്ടി ദേശീയ ആക്ടിംഗ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ്, ഭാരഹാഹികളായ എബി സെബാസ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണപിള്ളെ, കെ.എസ് ജോണ്‍സണ്‍, ബിനു കുര്യാക്കോസ്, അനു കെ. ജോസഫ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

ഫ്രീ അക്സസ് നമ്പര്‍ : 03301222690.

വിശദവിവരങ്ങള്‍ക്ക്: എബി സെബാസ്റ്യന്‍ : 07702862186, മാമ്മന്‍ ഫിലിപ്പ്:07885467034, തോമസ് പുളിക്കല്‍ : 07912318341.