പാരീസിലെ ഈഫല്‍ ടവര്‍ 125 വയസിന്റെ നിറവില്‍
Tuesday, April 1, 2014 6:29 AM IST
പാരീസ്: അന്താരാഷ്ട്ര ഭൂപടത്തില്‍ ഫ്രാന്‍സിന്റെ മുഖമുദ്രയായി തലയുയര്‍ത്തി നില്‍ക്കുന്ന ഈഫല്‍ ടവര്‍ 125 വയസ് പൂര്‍ത്തിയാക്കി. തിങ്കളാഴ്ചയായിരുന്നു 'ഉരുക്കു വനിത'യുടെ പിറന്നാളാഘോഷം.

ഏഥന്‍സിലെ അക്രോപൊളിസും റോമിലെ കൊളോസിയവും പോലെ പാരിസിന്റെ പ്രതീകമാണ് ഈഫല്‍ ടൌവര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആറു മില്യന്‍ ടൂറിസ്റുകളാണ് പ്രതിവര്‍ഷം ഇതു കാണാനെത്തുന്നത്.

ആന്റീനയുള്‍പ്പടെ 324 (അല്ലാതെ 300 മീറ്റര്‍) മീറ്ററാണ് ടവറിന്റെ ഉയരം. 1889 ല്‍ വേള്‍ഡ് ഫെയര്‍ എക്സിബിഷന്റെ കമാനത്തോടനുബന്ധിച്ച് പണികഴിപ്പിച്ചതാണ് അയണ്‍ ലേഡി എന്നു വിളിപ്പേരുള്ള ഈഫല്‍ ടവര്‍. മാര്‍ച്ച് 31 നാണ് ടവറിന്റ്െ ഉദ്ഘാടനം നടത്തിയത്. ഫ്രഞ്ച് എന്‍ജിനിയര്‍ ഗുസ്താവ് ഈഫലിന്റേതാണ് ഡിസൈന്‍. അദ്ദേഹത്തിന്റെ പേര് തന്നെയാണ് ഒടുവില്‍ ടവറിനു നല്‍കിയിരിക്കുന്നതും. 1887 നിര്‍മാണം ആരംഭിച്ച ടവര്‍ 1889 ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൃത്യമായി പറഞ്ഞാല്‍ രണ്ടു വര്‍ഷം രണ്ടു മാസം അഞ്ചു ദിവസം വേണ്ടിവന്നു ഫിനീഷ് ചെയ്യാന്‍. 77,99,401 ഗോള്‍ഡ് ഫ്രാങ്കായിരുന്നു ചെലവ്. തണുപ്പുകാലത്ത് ടവര്‍ ചുരങ്ങുമെന്നും വിദഗ്ധര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ആറ് ഇഞ്ചാണ് ചുരുങ്ങുന്നത്. 10,000 ടണ്‍ ഉരുക്കാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. കാലം ഇതുവരെ 16 തവണ ടവര്‍ റീപെയിന്റു ചെയ്തു. 60 ടണ്‍ പെയിന്റാണ് ഇതിനായി ഉപയോഗിച്ചത്. നാളിതുവരെ 250 മില്യന്‍ സന്ദര്‍ശകര്‍ ടവറിന്റെ സൌന്ദര്യം ആസ്വദിക്കാന്‍ പാരീസില്‍ എത്തിയിട്ടുണ്ട്. 1944 ലെ രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലര്‍ ടവര്‍ തകര്‍ക്കാന്‍ അന്നത്തെ ജര്‍മനിയിലെ ഫ്രഞ്ച് ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതു നിരസിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു.

ഗുസ്താവ് ഈഫലിന്റെ സ്ഥാപനത്തിലെ രണ്ട് എന്‍ജിനിയര്‍മാര്‍ ചേര്‍ന്നു തയാറാക്കിയ ഡിസൈന്‍ അദ്ദേഹത്തിന് മത്സരത്തില്‍ ഒന്നാം സ്ഥാനവും നേടിക്കൊടുത്തു. എന്നാല്‍, ഉപകാരമൊന്നുമില്ലാത്ത ഈ സ്തംഭം പാരീസിന് നാണക്കേടാകുമെന്ന് അന്ന് അഭിപ്രായപ്പെട്ടവര്‍ ഏറെയാണ്. പ്രതിഷേധ പ്രകടനങ്ങള്‍ വരെ അവര്‍ നടത്തിയിരുന്നു.

ഉപയോഗശൂന്യമെന്ന് ആദ്യം കരുതപ്പെട്ടെങ്കിലും പിന്നീട് സൈനിക ആവശ്യത്തിന് അടക്കമുള്ള റേഡിയോ ആശയവിനിമയങ്ങള്‍ക്ക് ഈഫല്‍ ടവര്‍ പ്രധാന പോയിന്റായി മാറുകയും ചെയ്തു.

യൂറോപ്പിലെ ഏറ്റവും മൂല്യമുള്ള സ്മാരകമായി 2012 ല്‍ ഈഫല്‍ ടവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 434 ബില്യന്‍ യൂറോയാണ് ഈഫലിനു കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മൂല്യം. രണ്ടാം സ്ഥാനത്തുള്ള റോമിലെ കൊളോസിയത്തെക്കാള്‍ ആറു മടങ്ങ് കൂടുതലാണിത്.

ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് മോന്‍സ ആന്‍ഡ് ബ്രയാന്‍സയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. യൂറോപ്പിലെ വിവിധ ചരിത്ര സ്മാരകങ്ങളുടെ സാമ്പത്തിക മൂല്യം വിലയിരുത്തുകയാണ് ഇവര്‍ ചെയ്തത്. പ്രതിച്ഛായ, ബ്രാന്‍ഡിംഗ്, സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ എന്നിവയും മാനദണ്ഡമായി.

ഇന്നു ഫ്രാന്‍സിന്റെ ജിഡിപിയുടെ 25 ശതമാനം മൂല്യം ഈഫലിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. യൂറോപ്യന്‍ സുസ്ഥിരതാ ഫണ്ടിനു തുല്യവുമാണ് ഇതിന്റെ മൂല്യം.

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ബാഴ്സലോണയിലെ ലാ സഗ്രാഡ ഫാമിലിയയിലുള്ള ഗോഡിയുടെ അപൂര്‍ണമായ കത്തീഡ്രല്‍ മാസ്റര്‍പീസാണ്. പിന്നാലെ, മിലാനിലെ ഡോം, ലണ്ടന്‍ ടവര്‍, മാഡ്രിഡിലെ പ്രാഡോ മ്യൂസിയം, വെസ്റേണ്‍ ഇംഗ്ളണ്ടിലെ സ്റോണ്‍ ഹെഞ്ച് എന്നിവയാണ്.

യൂറോപ്പിലെ ചരിത്ര സ്മാരകങ്ങളുടെ ആകെ മൂല്യം കണക്കാക്കിയിരിക്കുന്നത് 700 ബില്യന്‍ യൂറോയാണ്. വാഷിംഗ്ടണ്‍ ഡിസിയിലെ വൈറ്റ്ഹൌസും പഠനത്തില്‍ വിലയിരുത്തിയിട്ടുണ്ട്. 81 ബില്യന്‍ യൂറോ. യൂറോസ്റാറ്റ് ബിസിനസ് രജിസ്റര്‍ ആണ് ഈ പഠനത്തിന് അടിസ്ഥാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍