അശരണര്‍ക്ക് ആഹാരം നല്‍കി ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ പതിനാറാമത് മണ്ഡലപൂജ
Monday, December 2, 2013 12:34 PM IST
ന്യൂഡല്‍ഹി: അശരണര്‍ക്ക് ആഹാരമേകി മയൂര്‍ വിഹാര്‍ ഫേസ്1 ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ പതിനാറാമത് മണ്ഡല പൂജ സമാപിച്ചു. ശനിയാഴ്ച രാവിലെ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് ആരംഭമായി. പ്രഭാത പൂജകള്‍ക്കു ശേഷം എള്ളുതിരി കത്തിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഒരുക്കിയ ഉരുളിയില്‍ ആദ്യ തിരി കത്തിക്കുന്ന ചടങ്ങ് നടന്നു. തുടര്‍ന്ന് ഭക്ത ജനങ്ങള്‍ക്ക് തിരി കത്തിക്കുവാനുള്ള സൌകര്യം നല്‍കി. രാവിലെ 9 മണി മുതല്‍ സന്തോഷ് കുമാറും ചിത്രാ വേണുവും ഭാഗവത പാരായണം നടത്തി. തുടര്‍ന്ന് നടന്ന അന്നദാനത്തില്‍ ജാതി മത ഭേദമന്യേ 800ല്‍പ്പരം ജനങ്ങള്‍ പങ്കെടുത്തു.

വൈകുന്നേരം മയൂര്‍ വിഹാര്‍ ഫേസ്1 ശ്രീ ഉത്തര ഗുരുവായുരപ്പന്‍ ക്ഷേത്രത്തില്‍ നിന്നും ശ്രീ അയ്യപ്പ സ്വാമിയുടെ പൂജിച്ചലങ്കരിച്ച വര്‍ണ്ണ ചിത്രവുമായി ഗുരുദ്വാരക്ക് സമീപമുള്ള ശനിദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച എഴുന്നെള്ളത്തില്‍ ഇരു വരികളിലായി മലയാളികളെക്കൂടാതെ ഇതര ഭാഷീയരായ കുട്ടികളും വീട്ടമ്മമാരും കൈയ്യില്‍ പൂത്താലവുമായി 'സ്വാമിയേ അയ്യപോ' വിളികളോടെ അണിനിരന്ന കാഴ്ച കൌതുകകരമായി. നജഫ്ഗഡ് വാസുദേവനും സംഘവും അവതരിപ്പിച്ച അമ്മന്‍കുടം, സജിവന്‍ മാരാരും കൂട്ടരും നടത്തിയ ചെണ്ടമേളം എന്നിവ എഴുന്നെള്ളത്തിനു മോടി കൂട്ടി. 7:30നു പൂജാ സന്നിധിയില്‍ എത്തിചേര്‍ന്ന എഴുന്നെള്ളത്തിനു മുഖ്യ കാര്‍മ്മികനായ മാധവന്‍ (മധു) നമ്പൂതിരിയും പരികര്‍മ്മി സേതുരാമന്‍, ചില്ലാ അയ്യപ്പ പൂജാ സമിതി പ്രസിഡന്റ് പി വിജയന്‍ ഖജാന്‍ജി വേണു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പൂജാ സന്നിധിയുടെ ഈ വര്‍ഷത്തെ എല്ലാ അലങ്കാരങ്ങളും കുട്ടികളുടെ നേതൃത്വത്തില്‍ ആണ് നടന്നത്.

മയൂര്‍ വിഹാര്‍ ഫേസ്3 ശ്രീ വിഘ്നേശ്വരാ ഭജന സമിതിയുടെ ഭജന തുടര്‍ന്ന് മഹാ ദീപാരാധന, ലഘു ഭക്ഷണംഎന്നിവ ഉണ്ടായിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി ചില്ലാ അയ്യപ്പ പൂജാ സമിതി നടത്തി വരുന്ന പാവങ്ങള്‍ക്ക് ഒരു നേരം ഭക്ഷണം നല്‍കുന്ന 'അശരണര്‍ക്ക് ആഹാരം' എന്ന പരിപാടിയുടെ ഭാഗമായി തൃലോക്പുരിയില്‍ ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ 2 മണി വരെ പൂരിയും കറിയും വിതരണം ചെയ്തു.

ചില്ലാ അയ്യപ്പ പൂജാ സമിതി പ്രസിഡന്റ് പി വിജയന്‍, സെക്രട്ടറി സന്തോഷ് കുമാര്‍, ഖജാന്‍ജി വേണു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. പ്രസാദ വിതരണതോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍.ഷാജി