ആദിവാസി കുട്ടികളുടെ പാദം ചുംബിക്കുന്ന ഫാ. ബാബ
Tuesday, November 19, 2013 6:07 AM IST
മുംബൈ: പതിനഞ്ച് വര്‍ഷത്തിലധികം ഹസന്‍ഗാവ് ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് തീവ്ര പരിശ്രമത്തിലൂടെ ഒരു തലമുറയെ സാക്ഷരതയിലേക്കും, ഗ്രാമവികസന പ്രവര്‍ത്തനങ്ങളിലൂടെ സ്വയംപര്യാപ്തയിലേക്കും നയിച്ച ആദിവാസികളുടെ ഫാദര്‍ ബാബ- ജോര്‍ജ് കാവുകാട്ടച്ചനെ വരവേല്‍ക്കാന്‍ കാട്ടുപൂക്കളുമായി ആദിവാസി സംഘം.

മൂന്നുവര്‍ഷമായി കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ക്ഷില്‍ അനാഥര്‍ക്കും അഗതികള്‍ക്കുമായി സേവനം ചെയ്യുന്ന ഫാ. ബാബ കല്യാണ്‍ രൂപതയുടെ രജതജബി ചടങ്ങില്‍ സംബന്ധിക്കാനാണ് മുംബൈയിലെത്തിയത്.

മധ്യപ്രദേശിലെ ചമ്പല്‍ മേഖലയില്‍ പിന്നോക്ക പ്രദേശത്ത് ഏറെ കാലം സേവനം ചെയ്ത ഫാ. ബാബ മുപ്പത് വര്‍ഷം മുമ്പാണ് മഹാരാഷ്ട്രയിലേക്കു വരുന്നത്. സംസ്ഥാനത്തെ വിവിധ പ്രശസ്തമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും തുടക്കക്കാരനായ ഫാ. ജോര്‍ജ്, ഹരിത വിപ്ളവത്തിലൂടെ ആദിവാസി മേഖലയില്‍ സേവനത്തിന് തുടക്കംകുറിച്ചു. വര്‍ഷംതോറും 150 ടണ്ണോളം പച്ചകപ്പ മുംബൈ, പൂന, നാസിക് കമ്പോളങ്ങളിലേക്ക് ഇറക്കിയപ്പോള്‍ മലയാളി സമൂഹം ഔത്സുക്യത്തോടെയാണ് അതിനെ വീക്ഷിച്ചത്. ടണ്‍ കണക്കിന് പച്ചക്കറികളും, വാഴപ്പഴങ്ങളുമാണ് മദര്‍ തെരേസ-ആതുരാലയങ്ങള്‍ക്കും മറ്റും ആദിവാസി സമൂഹം സംഭാവന ചെയ്തത്.

അങ്ങനെ ആദിവാസികളുടെ ഹൃദയം കവര്‍ന്ന ഫാ. ബാബ ഇളം തലമുറയെ സാക്ഷരതയിലേക്ക് നയിച്ചു. രോഗീസന്ദര്‍ശനത്തിന് പൂനെയ്ക്കുപോയി മടങ്ങുന്ന വഴിയാണ് ആദിവാസി സമൂഹത്തെ കാണാന്‍ റ്റിറ്റുവാല റെയില്‍വേ സ്റേഷനിലിറങ്ങിയത്. ഹൈസ്കൂളിലും കോളജിലും പഠിക്കുന്ന ആദിവാസി കുട്ടികളുടെ ഇരുപത് സംഘമാണ് ഫാ. ബാബയുടെ ശിഷ്യത്വം സ്വീകരിച്ച മറാഠാ വംശജരായ കമലാകര്‍, കാശിനാഥ് എന്നിവരുടെ അകമ്പടിയോടെ ഫാ. ബാബയെ സ്വീകരിക്കാന്‍ റെയില്‍വേ സ്റേഷനില്‍ കാത്തുനിന്നത്.

മുംബൈയിലേയും പൂനെയിലേയും സ്നേഹിതര്‍ സമ്മാനിച്ച പഴവര്‍ക്ഷങ്ങളും മിഠായി പൊതികളുമായി ഫാ. ബാബ എത്തിയപ്പോള്‍ തങ്ങളുടെ ബാല്യത്തില്‍ ദിവസവും പലഹാരങ്ങളുമായി എത്തിയിരുന്ന ഫാ. ബാബയെ ഓര്‍ത്ത് ആരവം മുഴക്കി കാട്ടുപൂക്കള്‍ നല്കി വരവേല്‍പ് നല്‍കി. കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി പീഠത്തിലിരുന്ന ഫാ. ബാബയുടെ പാദം ചുംബിച്ച് സംഘം മുഴുവന്‍ അനുഗ്രഹം വാങ്ങി. പ്രതിസ്നേഹമായി സംഘത്തിലെ ഏറ്റവും ഇളയവനായ ഒമ്പതാം ക്ളാസുകാരന്‍ സായിനാഥിന്റെ പാദങ്ങള്‍ ഫാ. ബാബ മുട്ടുകുത്തി നിന്ന് ചുംബിച്ചു. ആരംഭകാലത്ത് ഗ്രാമങ്ങളിലേക്ക് ചെല്ലുമ്പോള്‍ ആദിവാസി സമൂഹം ഒന്നടങ്കംവന്ന് പാദം ചുംബിച്ച് സ്വീകരിച്ചിരുന്ന പതിവ് ഫാ ബാബ ക്രമേണ നിരുത്സാഹപ്പെടുത്തുകയായിരുന്നു.

പെസഹാ തിരുനാളില്‍ ഫാ. ബാബ ഗ്രാമങ്ങളിലേക്ക് ചെന്ന് കാട്ടുകനികള്‍ തേടി അലഞ്ഞിരുന്ന കുട്ടികളെ വിളിച്ചുകൂട്ടി ഒരാളുടെ പാദം കഴുകി ചുംബിക്കുകയും എല്ലാവര്‍ക്കും പലഹാരം നല്‍കുകയും ചെയ്യുക പതിവായിരുന്നു.

അനേക വര്‍ഷം ജീവനുതുല്യം സ്നേഹിച്ച് പരിപാലിച്ച സ്നേഹപിതാവിനെ 'ഫാ. ബാബ പരത് ആന' (വീണ്ടും വരിക) എന്നു പറഞ്ഞ് കൈവീശി യാത്രപറഞ്ഞപ്പോള്‍ ഈ രംഗങ്ങള്‍ കൌതുകത്തോടെ വീക്ഷിച്ചിരുന്ന പ്ളാറ്റ്ഫോമിലെ യാത്രക്കാര്‍ അത്ഭുതപരതന്ത്രരായി ചുറ്റുംകൂടി നില്‍പ്പുണ്ടായിരുന്നു. ജോസ് കടമ്പനാട്ട്് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം