ഭക്ത സഹസ്രങ്ങള്‍ക്ക് സായൂജ്യമേകി ചക്കുളത്തമ്മ പൊങ്കാല സമാപിച്ചു
Tuesday, October 29, 2013 8:08 AM IST
ന്യൂഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ് 3 ലെ എ1 പാര്‍ക്ക് അതിരാവിലെ തന്നെ ഉച്ച ഭാഷിണിയിലൂടെ ചക്കുളത്തമ്മയെ വാഴ്ത്തിക്കൊണ്ടുള്ള ഭക്തി ഗാനങ്ങളാല്‍ ഭക്തിസാന്ദ്രമായി. കേരളീയ വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളും ബാലികമാരും പൊങ്കാല കലങ്ങള്‍ വാങ്ങുവാന്‍ ക്യുവില്‍ സ്ഥാനം പിടിച്ചു.

മഹാഗണപതി ഹോമത്തോടെ പൊങ്കാല മഹോത്സവത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചു.

8.30 ന് ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി പ്രത്യേക വാഹനത്തില്‍ സന്നിധിയിലെത്തി. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ് പ്രസിഡന്റ് പി.എന്‍ ഷാജി, വൈസ് പ്രസിഡന്റ് രാജേഷ് കുമാര്‍, സെക്രട്ടറി ഇ.കെ ശശിധരന്‍, ജോയിന്റ് സെക്രട്ടറി ഡി. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് ട്രസ്റ് പ്രസിഡന്റ് പി.എന്‍ ഷാജി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ ഈസ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്കുമാര്‍ ധില്ലോന്‍, ഡല്‍ഹി ശ്രീ നാരായണ കേന്ദ്ര പ്രസിഡന്റ് ബീനാ ബാബുറാം, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സി. ചന്ദ്രന്‍, കൌണ്‍സിലര്‍ രാജീവ് വര്‍മ്മ, രമേശ് ഇളമണ്‍ നമ്പൂതിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.

പൊങ്കാലയോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊങ്കാലയില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്ന മുതിര്‍ന്ന അഞ്ച് അമ്മമാരെ ആദരിച്ചു. റാന്നി പത്തനംതിട്ട സ്വദേശിനി, ഇന്ദിരാപുരം ന്യായ് ഖണ്ധിലെ ഉമാ നായര്‍, അങ്കമാലി സ്വദേശിനി മയൂര്‍ വിഹാര്‍ ഫേസ്1, ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലെ തങ്കമണിയമ്മ, തൃപ്പൂണിത്തുറ സ്വദേശിനി മയൂര്‍ വിഹാര്‍ ഫേസ്3, എ1/95 ജിയിലെ ലീലാ, കൊട്ടാരക്കര അമ്പലംകുന്ന് സ്വദേശിനി, ലോധി റോഡിലെ സരോജിനി, കൊല്ലം സ്വദേശിനി, സായ് മന്ദിര്‍ മാര്‍ഗിലെ രാജമ്മ എന്നിവര്‍ക്ക് ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി ഉപഹാരങ്ങള്‍ സമ്മാനിച്ചു.

വിളിച്ചു ചൊല്ലി പ്രാര്‍ഥനയ്ക്കുശേഷം താത്കാലികമായി നിര്‍മിച്ച ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ നിന്നും ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യകാര്യദര്‍ശി ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി പകര്‍ത്തിയ ദിവ്യാഗ്നി ബീനാ ബാബുറാമിനു കൈമാറി പണ്ടാര അടുപ്പില്‍ കൊളുത്തിയതോടെ പൊങ്കാലക്ക് തുടക്കമായി.

ചക്കുളത്തമ്മയുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് മേലെ നീലാകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നപ്പോള്‍ ഭക്തജനങ്ങള്‍ വായ്ക്കുരവകളാല്‍ അമ്മക്ക് സ്വാഗതമോതി. തുടര്‍ന്ന് ഭക്തജനങ്ങള്‍ സ്വയം തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് ദീപനാളങ്ങള്‍ പകര്‍ന്നു. നിമിഷനേരം കൊണ്ട് യാഗശാലയായി മാറിയ എ1 പാര്‍ക്കിന്റെ അന്തരീക്ഷത്തില്‍ ദേവീ മന്ത്ര ധ്വനികളും സ്തുതികളും നിറഞ്ഞു. തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളില്‍ തീര്‍ഥം തളിച്ചതോടെ ഭക്ത സഹസ്രങ്ങള്‍ കാണിക്കയര്‍പ്പിച്ചു വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ വന്നണഞ്ഞ സൌഭാഗ്യവുമായി മടങ്ങി.

വികാസ്പുരി തത്ത്വമസി അവതരിപ്പിച്ച ഭക്തിഗാനസുധ ക്ഷേത്രാങ്കണവും പരിസര പ്രദേശങ്ങളും ഭക്തിസാന്ദ്രമാക്കി. മുടപ്പല്ലൂര്‍ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളൊരുക്കി. വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, അന്നദാനം എന്നിവയും നടന്നു. ഫരിദാബാദ്, നോയിഡ, ഘാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നായി അയ്യായിരത്തില്‍പ്പരം ജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

ചക്കുളത്ത് കാവില്‍ നിന്നും രമേശ് ഇളമണ്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പുഷ്പാംഗദന്‍ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി, ബാബു എന്നിവര്‍ ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരുന്നു. മയൂര്‍ വിഹാര്‍ ഫേസ് 3ലെ ശ്രീ രാമന്‍ നമ്പൂതിരിയോടൊപ്പം മറ്റു രണ്ടു പരികര്‍മ്മികളും പൂജാദികളില്‍ പങ്കെടുത്തു.

ശനി രാവിലെ അഞ്ചിന് സ്ഥല ശുദ്ധിക്കുശേഷം ഗണപതി ഹോമത്തോടെ ആരംഭിച്ച് രണ്ടു ദിവസം നീണ്ടു നിന്ന പതിനൊന്നാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവ ചടങ്ങുകള്‍ക്ക് സമാപനമായി. വൈകുന്നേരം ദീപാരാധനയും രമേശ് ഇളമണ്‍ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയും ഉണ്ടായിരുന്നു.

അനൌണ്‍സ്മെന്റ് ശാന്തകുമാര്‍ നിര്‍വഹിച്ചു. കെ.പി ശിവദാസ്, രാജേഷ് കുമാര്‍, വി.ബി പ്രസാദ്, പി.എസ് മോഹനന്‍, എസ്. മുരളി, ദ്വിജേന്ദ്ര സ്വാമി, വി. ഹരികുമാര്‍, ഹരിപ്പാട് ആത്മാ റാം, സന്തോഷ് കുമാര്‍, ബേബി, സി.ബി മോഹനന്‍, ഷാജി ജെ. നായര്‍ എന്നിവരും മയൂര്‍ വിഹാര്‍ ഫേസ് 3ലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനയിലെ അംഗങ്ങളും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി