വിന്‍സെന്റ് ജോര്‍ജിനെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി തള്ളി
Wednesday, July 24, 2013 5:09 AM IST
ന്യൂഡല്‍ഹി: യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി വിന്‍സെന്റ് ജോര്‍ജിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അവസാനിപ്പിക്കണമെന്ന സിബിഐ റിപ്പോര്‍ട്ട് സിബിഐ കോടതി തള്ളി. അന്വേഷണം അവസാനിപ്പിക്കാനുളള സാഹചര്യം വിശദീകരിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ട കോടതി വിന്‍സെന്റ് ജോര്‍ജിനോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ഇയാള്‍ വന്‍ തോതില്‍ കൃഷി ഭൂമി വാങ്ങിയെന്നും ഡല്‍ഹി, മുംബൈ, ബാംഗളൂര്‍ തുടങ്ങിയ നഗരങ്ങളില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നുമായിരുന്നു കേസ്. അമേരിക്കയില്‍ നിന്ന് ഇയാളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് വന്‍തോതില്‍ പണം എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ ഇയാള്‍ക്കെതിരേ തെളിവുകള്‍ ഇല്ലെന്നും അമേരിക്കയിലേക്ക് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയത്.

2001 മാര്‍ച്ചിലാണ് കേസ് രജിസ്റര്‍ ചെയ്തിരുന്നത്. മുന്‍ പ്രധാനമന്ത്രിയുടെ രാജീവ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായും ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നും എത്തിയ പണം തന്റെ ബന്ധുക്കള്‍ അയച്ചതാണെന്നാണ് ഇയാളുടെ വാദം.