സ്വകാര്യ കോച്ചിംഗ്: ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം
Tuesday, July 23, 2013 9:50 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുസമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. എസ്എഫ്ഐയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഇത്തരം സ്ഥാപനങ്ങള്‍ മുഖേനെ ഒരു വര്‍ഷം 55,000 കോടി രൂപയുടെ ഇടപാടുകള്‍ നടക്കുന്ന വ്യവസായമായി കോച്ചിംഗ് മാറിയെന്നും ഇതു നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങളുമായി സഹകരിക്കുന്നതില്‍നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലക്കണം, ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന തട്ടിപ്പ് അന്വേഷിക്കണം, വ്യാജപരസ്യങ്ങള്‍ നല്‍കുന്നതു തടയണം, തട്ടിപ്പു പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കണം, തട്ടിപ്പിനിരയായവര്‍ക്കു പണം തിരികെ നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.