കുവൈറ്റില്‍ അറസ്റിലാകുന്നവരുടെ വിവരം അറിയിക്കണം: മന്ത്രി ഇ. അഹമ്മദ്
Saturday, June 1, 2013 9:35 AM IST
ന്യൂഡല്‍ഹി: കുവൈറ്റില്‍ വീസ പ്രശ്നങ്ങളെത്തുടര്‍ന്ന് അറസ്റ് ചെയ്യപ്പെടുന്നതും മടക്കി അയയ്ക്കുന്നതുമായ എല്ലാ ഇന്ത്യാക്കാരുടെയും വിവരങ്ങള്‍ എംബസികളെ അറിയിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍. അറസ്റ് ചെയ്യുന്നവരോടു മാനുഷികമായ പരിഗണന കാട്ടണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ആവശ്യപ്പെട്ടു.

ഇക്കാര്യം ഇന്ന് കുവൈറ്റ് അംബാസിഡറുമായി ചര്‍ച്ച ചെയ്യും. എന്നാല്‍, വീസാ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ നാടുകടത്തല്‍ ഭീതികരമായ അവസ്ഥയിലുള്ളതല്ലെന്നും നിലവിലുള്ള പരിശോധനാ നടപടികള്‍ കര്‍ശനമാക്കിയതാണു പെട്ടെന്നുണ്ടായ പ്രശ്നങ്ങള്‍ക്കു കാരണമായതെന്നും അദ്ദേഹം വിശദമാക്കി.

കുവൈറ്റില്‍ ഗാര്‍ഹിക ജോലിക്കുള്ള 18-ാം നമ്പര്‍ വീസപ്രകാരം എത്തിയ ശേഷം സ്പോണ്‍സറുടെ കീഴില്‍ നിന്നു മാറി ജോലി ചെയ്യുന്നവരെയാണ് അറസ്റ് ചെയ്യുന്നതും മടക്കി അയയ്ക്കുന്നതും. സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമം കര്‍ക്കശമാക്കിയതിനെത്തുടര്‍ന്നാണു നടപടി. ഇതേത്തുടര്‍ന്നു മലയാളികളടക്കം നൂറുകണക്കിന് ആളുകളാണു മടങ്ങിയെത്തിയത്.

29, 30 തീയതികളില്‍ നടത്തിയ പരിശോധനയില്‍ അറസ്റ് ചെയ്തവരെയാണ് കയറ്റി അയച്ചതെന്നാണു കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചത്. എന്നാല്‍, എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്െടന്ന വിവരം എംബസിയുടെ കൈവശമില്ല. ഈ സാഹചര്യത്തിലാണ് അറസ്റ് ചെയ്യപ്പെടുന്നവരുടെയും മടക്കി അയയ്ക്കുന്നവരുടെയും വിവരങ്ങള്‍ എംബസികള്‍ക്കു കൈമാറണമെന്നു കേന്ദ്രം ആവശ്യപ്പെടുന്നത്.

അതേസമയം, കുവൈറ്റില്‍ അറസ്റിലായി ജയിലില്‍ കിടന്നതിനുശേഷം നാടുകടത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഡല്‍ഹിയിലെത്തിയ മലയാളികളെ ഇന്നു നാട്ടിലേക്കു ട്രെയിന്‍ കയറ്റിവിടുമെന്നു നോര്‍ക്ക റൂട്സ് അറിയിച്ചു.

രാവിലെ ഡല്‍ഹിയില്‍നിന്നു പുറപ്പെടുന്ന മംഗള, കേരള എക്സ്പ്രസുകളിലായാണ് ആറംഗ സംഘത്തെ അയയ്ക്കുക. സ്ളീപ്പര്‍ ടിക്കറ്റില്‍ നാട്ടിലേക്കു മടങ്ങാനുള്ള സൌകര്യമാണ് ആദ്യം ഒരുക്കിയത്. എന്നാല്‍ ഡല്‍ഹിയിലെ കൊടും വേനലില്‍ സ്ളീപ്പറിലുള്ള യാത്ര മറ്റൊരു ദുരിതമാകുമെന്ന് ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് തേര്‍ഡ് എസി ടിക്കറ്റ് ലഭ്യമാക്കാന്‍ കേരള പ്രവാസി വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.

പ്രവാസി മലയാളികള്‍ക്ക് താത്കാലിക താമസ സൌകര്യവും ചെലവിനായി 2000 രൂപയും നോര്‍ക്ക നല്‍കിയിട്ടുണ്ട്.