ഗ്രേറ്റ് ബ്രിട്ടൻ രൂപത വാത്സിംഗ്ഹാം തീർഥാടനം 14 ന്
Saturday, July 14, 2018 3:54 PM IST
വാൽസിംഹാം (ലണ്ടൻ): അമ്മ വാത്സല്യത്തിന്‍റെ ദൈവ സ്നേഹം നുകരാൻ വാഹത്സിംഗ്ഹാം തിരുനടയിൽ പതിനായിരങ്ങൾ ജൂലൈ 14ന് (ശനി) ഒഴുകിയെത്തും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് വാത്സിംഗ്ഹാം തീർഥാടനത്തിൽ രൂപതയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി മാതൃഭക്തർ രാവിലെ എത്തിച്ചേരും.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെയും കോ ഓർഡിനേറ്റർ ഫാ. ഫിലിപ്പ് പന്തമാക്കലിന്‍റെയും ഹോളി ഫാമിലി (കിംഗ്സ് ലിൻ) കമ്യൂണിറ്റിയുടെയും നേതൃത്വത്തിൽ തീർഥാടനത്തിന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. തീർഥാടനദിനത്തിലെ തിരുക്കർമങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ കാർമികത്വം വഹിക്കും.

രാവിലെ 9 ന് ആരംഭിക്കുന്ന ആരാധന സ്തുതി ഗീതങ്ങളോടെയാണ് തിരുക്കർമങ്ങൾക്ക് തുടക്കമാവുന്നത്. രൂപത ന്യൂ ഇവാഞ്ചലൈസേഷൻ ഡയറക്ടറും സെഹിയോൻ യുകെ മിനിസ്ട്രീസിന്‍റെ സാരഥിയുമായ ഫാ. സോജി ഓലിക്കൽ മരിയൻ പ്രഭാഷണം നടത്തും. ഉച്ചഭക്ഷണ സമയത്ത് അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.

ഉച്ചകഴിഞ്ഞ് ഒന്നിനാരംഭിക്കുന്ന ജപമാല പ്രാർഥനയുടെ സമാപനത്തിൽ ചരിത്ര പ്രസിദ്ധമായ ജപമാല പ്രദക്ഷിണം നടക്കും. മൂന്നിനു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. ഈസ്റ്റ് ആംഗ്ലിയ രൂപത ബിഷപ് അലക്സ് ഹോപ്സ് വചന സന്ദേശം നൽകും. വൈകുന്നേരം അഞ്ചോടെ തിരുക്കർമങ്ങൾക്ക് സമാപനമാകും.

തീർഥാടനത്തിനെത്തുന്നവരുടെ സൗകര്യത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കോച്ചുകൾക്ക് പാർക്കു ചെയ്യാൻ പ്രത്യേക സ്ഥലമേർപ്പെടുത്തും. മിതമായ നിരക്കിൽ ഭക്ഷണസൗകര്യം കുടിവെള്ള സൗകര്യം എന്നിവ ലഭ്യമായിരിക്കും. തീർഥാടനത്തിൽ പങ്കെടുക്കുന്ന വൈദികർ അവരവരുടെ തിരുവസ്ത്രങ്ങൾ കൊണ്ടു വരേണ്ടതാണെന്ന് അറിയിച്ചിട്ടുണ്ട്. ഓരോ സ്ഥലങ്ങളിൽ നിന്നും വരുന്നവർ കുരിശുകൾ, മുത്തുക്കുടകൾ, ബാനറുകൾ, കൊടി തോരണങ്ങൾ തുടങ്ങിയവയും കൊണ്ടുവരണമെന്ന് സംഘാടകർ അറിയിച്ചു. കുർബാനപുസ്തകം ഉപയോഗിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും അഭികാമ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.

സംഘാടക സമിതി കോ ഓർഡിനേറ്റർ, ഇത്തവണത്തെ പ്രസുദേന്തിമാരായ ഹോളിഫാമിലി (കിംഗ്സ് ലിൻ) കമ്മ്യൂണിറ്റി എന്നിവരുടെ നേതൃത്വത്തിൽ തീർഥാടകരെ സ്വാഗതം ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്