പ്രമേഹ രോഗികളിലെ ഹൃദയാഘാതം തടയാൻ ആയുർവേദ മരുന്ന്
Tuesday, July 3, 2018 3:13 PM IST
ന്യൂഡല്‍ഹി: പ്രമേഹ രോഗികളിലെ ഹൃദയാഘാതം തടയുന്നതിന് ബിജിആര്‍ 34 എന്ന ആയുര്‍വേദ മരുന്നിന് കഴിയുമെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍. പ്രമേഹ രോഗികളില്‍ അമ്പതു ശതമാനത്തോളം പേരില്‍ ഹൃദയാഘാതം തടയുന്നതിന് ഈ മരുന്ന് ഉപകരിക്കും. പ്രമേഹ രോഗികളുടെ രക്തത്തിലെ ഗ്ലൈക്കോസിലേറ്റഡ് ഹീമോഗ്ലോബിന്‍റെ അളവ് നിയന്ത്രിച്ചു നിര്‍ത്തുന്നതിന് ബിജിആർ 34ന് കഴിയുമെന്നാണ് ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നത്.

കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി നടത്തിയ പരീക്ഷണങ്ങളിലാണ് ബിജിആർ 34ന്‍റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. ഡല്‍ഹിയിലെ ആശുപത്രികളില്‍ 56 പ്രമേഹ രോഗികളില്‍ ഒരു സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ബിജിആര്‍ 34 വിവിധ ഗുണവശങ്ങള്‍ വ്യക്തമായത്.

കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ (സിഎസ്ഐആര്‍) വികസിപ്പിച്ചെടുത്ത ബിജിആര്‍ 34 എന്ന ആയുര്‍വേദ ഔഷധം പ്രമേഹത്തിനുള്ള ഫലപ്രദമായ മരുന്നായിട്ടാണ് പുറത്തിറിക്കിയിരിക്കുന്നത്. സിഎസ്ഐആറിന്‍റെ ഗവേഷണ യൂണിറ്റുകളായ ദേശീയ ബൊട്ടാനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ബിആര്‍ഐ) സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ ആന്‍റ് ആരോമാറ്റിക് പ്ലാന്‍റ്സും സംയുക്തമായാണ് ഔഷധം വികസിപ്പിച്ചത്.

ഗുളിക രൂപത്തില്‍ പുറത്തിറക്കിയ ബിജിആര്‍ 34 സംസ്ഥാനത്തെ എല്ലാ പ്രമുഖ മരുന്ന് ഷോപ്പുകളിലും ലഭ്യമാണ്. ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ ആറ് കോടി ജനങ്ങള്‍ പ്രമേഹത്തിന്‍റെ പിടിയിലാണെന്ന് സിഎസ്ഐആര്‍, എന്‍ബിആര്‍ഐ വ്യക്തമാക്കുന്നു. ബിജിആര്‍ 34 നിലവില്‍ ഇന്ത്യയിലെ പ്രമുഖ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ശിപാര്‍ശ ചെയ്ത് തുടങ്ങിയതായും മരുന്ന് പ്രമേഹ രോഗികളില്‍ ഫലപ്രദമാകുന്നുണ്ടെന്നും നിര്‍മാതാക്കള്‍ പറയുന്നു.