ഇറാനില്‍ അല്‍-ക്വയ്ദയുടെ പ്രവര്‍ത്തനം: വാര്‍ത്ത നിഷേധിച്ച് വിദേശകാര്യമന്ത്രി
Tuesday, April 23, 2013 7:01 PM IST
ടെഹ്റാന്‍: ഇറാനില്‍ അല്‍-ക്വയ്ദയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് വിദേശകാര്യമന്ത്രി അലി അക്ബര്‍ സലേഹി രംഗത്തെത്തി. തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിതെന്നും ഇതിനുമുന്‍പൊരിക്കലും ഇറാനെതിരേ ഇത്തരമൊരും ആരോപണം ഉയര്‍ന്നുകേട്ടിട്ടില്ലെന്നും അലി അക്ബര്‍ സലേഹി പറഞ്ഞു.

തിങ്കളാഴ്ച ഒരു യാത്രാ തീവണ്ടിയില്‍ സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനിടെ അല്‍ ക്വയ്ദ ബന്ധമുളള രണ്ടു തീവ്രവാദികളെ കനേഡിയന്‍ പോലീസ് അറസ്റ് ചെയ്തിരുന്നു. ഇറാനിലെ അല്‍-ക്വയ്ദ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്ന് കനേഡിയന്‍ പോലീസ് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇറാന്‍ സംശയത്തിന്റെ നിഴലിലായത്. ഇന്നലെ ഇറാന്‍ വിദേശകാര്യ വക്താവും ആരോപണം നിഷേധിച്ചിരുന്നു.

നിഷ്കളങ്കരായ ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള സംഘര്‍ഷത്തെയും തീവ്രവാദ പ്രവര്‍ത്തനത്തെയും ഒരിക്കലും ഇറാന്‍ പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് റമീന്‍ മെഹ്മെന്‍പരാസ്തിന്റെ വിശദീകരണം.