ഹൈക്കോടതി എതിർത്തിട്ടും ആരോഗ്യമന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി
Monday, August 21, 2017 7:26 AM IST
തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിൽ ഹൈക്കോടതി വിമർശനം കേൾക്കേണ്ടിവന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ല. മന്ത്രിയുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

നിയമനത്തിനുള്ള അപേക്ഷ തീയതി നീട്ടിയതിൽ യാതോരു അസ്വാഭാവികതയും ഇല്ല. മന്ത്രിയുടെ മുന്പിൽ വന്ന ഫയലിലെ നിർദേശപ്രകാരമാണ് തീയതി നീട്ടിയത്. തൃശൂർ, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ നിന്ന് പ്രാതിനിധ്യം ഇല്ലായിരുന്നു. അതിനാൽ കൂടുതൽ പേരെ ഉൾപ്പെടുത്താനായിരുന്നു ഈ നടപടിയെന്നും മുഖ്യമന്ത്രി വിശദമാക്കി.

ബാലാവകാശ കമ്മീഷൻ അംഗത്തിന്‍റെ നിയമനത്തിൽ ആരോഗ്യ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ ഷാഫി പറന്പിൽ പറഞ്ഞു. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് കോടതി പറഞ്ഞിട്ടുണ്ട്. മന്ത്രിയുടേത് നഗ്നമായ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവും ആണെന്നും ഷാഫി പറന്പിൽ ആരോപിച്ചു.

രാഷ്ട്രീയക്കാരെ ബാലാവകാശ കമ്മീഷനിൽ നിയമിക്കാം എന്നാൽ പ്രതികളെ എന്തിനു നിയമിച്ചെന്നും ഷാഫി ചോദിച്ചു. അഴിമതിയാരോപണത്തിൽ ഇ.പി. ജയരാജനും കെ.കെ ശൈലജയ്ക്കും രണ്ടു നീതിയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS