നടിയെ ആക്രമിച്ച കേസ്: മുകേഷിന്‍റെ മൊഴിയെടുത്തു
Monday, July 17, 2017 1:01 PM IST
തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും എംഎൽഎയുമായ മുകേഷിന്‍റെ മൊഴിയെടുത്തു. എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. ചോദ്യം ചെയ്യൽ ഒന്നര മണിക്കൂർ നീണ്ടു നിന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനിയേക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ചോദിച്ചതെന്ന് മുകേഷ് മാധ്യമങ്ങളെ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ ഗൂഢാലോചന നടക്കുന്ന സമയത്ത് പൾസർ സുനി മുകേഷിന്‍റെ ഡ്രൈവർ ആയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുകേഷിന്‍റെ മൊഴിയെടുത്തത്. നേരത്തേ, കേസുമായി ബന്ധപ്പെട്ട് ആലുവ എംഎൽഎ അൻവർ സാദത്തിന്‍റെ മൊഴിയെടുത്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട നടൻ ദിലീപിന്‍റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് അൻവർ സാദത്തിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.

തൃക്കാക്കര എംഎൽഎ പി.ടി. തോമസിന്‍റേയും മൊഴി പോലീസ് ഇന്നെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎൽഎമാർ ഇന്ന് തിരുവനന്തപുരത്തായതിനാലാണ് ഇവിടെയെത്തി മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
RELATED NEWS