ആണവ കരാർ: വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടെന്ന് ഇറാൻ
Monday, July 17, 2017 1:52 AM IST
ടെഹ്റാൻ: അമേരിക്കയുമായുള്ള ആണവകരാർ സംബന്ധിച്ച് രൂക്ഷ വിമർശനങ്ങളുമായി ഇറാൻ. ആണവകരാർ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭാഗത്തു നിന്നുണ്ടാകേണ്ട സഹകരണങ്ങൾ ലഭിക്കുന്നില്ലെന്നും അവരുടെ ഭാഗം നടപ്പാക്കുന്നതിൽ ട്രംപ് ഭരണകൂടം പൂർണ പരാജയമാണെന്നും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് വ്യക്തമാക്കി.

ഇറാനുമായുള്ള മറ്റ് രാജ്യങ്ങളുടെ വ്യാപാരബന്ധങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ചില നിലപാടുകൾ ജി20 ഉച്ചകോടിക്കിടെ ട്രംപ് പ്രകടിപ്പിച്ചുവെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകൾക്ക് വിരുദ്ധമാണെന്നും വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ അംഗീകാരം വരെ ലഭിച്ചതിനു ശേഷമാണ് അമേരിക്കയുടെ ഈ തണുപ്പൻ പ്രതികരണം- സരീഫ് പറഞ്ഞു.

മുൻ പ്രസിഡന്‍റ് ബറാക് ഒബാമയുടെ നിലപാടിൽ നിന്ന് തീർത്തും വ്യത്യസ്ത നിലപാടാണ് ട്രംപ് സ്വീകരിക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്‍റെ മേന്മയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് ട്രംപിനെ ഇത്തരം നിലപാടുകളിലേക്ക് നയിക്കുന്നതെന്നും സരീഫ് കുറ്റപ്പെടുത്തി. 2016ലാണ് കരാർ സംബന്ധിച്ച് വ്യവസ്ഥകൾ നടപ്പിലാക്കിത്തുടങ്ങിയത്.