ഇറാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: അഹമ്മദി നെജാദിനെ അയോഗ്യനാക്കി
Thursday, April 20, 2017 8:22 PM IST
തെഹ്റാൻ: മെയ് 19ന് നടക്കുന്ന ഇറാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് മഹ്മൂദ് അഹമ്മദി നെജാദിന് മത്സരിക്കാനാവില്ല. നിലവിലെ പ്രസിഡന്‍റ് ഹസൻ റൂഹാനി, യാഥാസ്ഥിതിക ആത്മീയനേതാവ് ഇബ്രാഹിം റെയ്സി എന്നിവരുടെ അടക്കം ആറു പേരുടെ നാമനിർദേശ പത്രിക ഗാർഡിയൻ കൗണ്‍സിൽ അംഗീകരിച്ചു. എന്നാൽ നെജാദിനെ അയോഗ്യനാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ടു ചെയ്തു.

തെഹ്റാൻ മേയർ മുഹമ്മദ് ബാക്വർ ഖലിബാഫ്, ആദ്യ വൈസ് പ്രസിഡന്‍റ് ഇഷാഖ് ജഹാംഗിരി, മുസ്തഫ മിർസലിം, മുസ്തഫ ഹഷെമിതബ എന്നിവരാണ് ഗാർഡിയൻ കൗണ്‍സിൽ അംഗീകരിച്ച മറ്റു സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പിനായി സ്ത്രീകൾ ഉൾപ്പെടെ 1600 പേർ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ആറു പേരുടെ നാമനിർദേശ പത്രിക മാത്രമാണ് അംഗീകരിച്ചത്.

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ എതിർപ്പ് അവഗണിച്ചായിരുന്നു നെജാദ് വീണ്ടും നാമനിർദേശപത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ മുൻ വൈസ് പ്രസിഡന്‍റ് ഹമീദ് ബഘായിയെ സഹായിക്കാനാണ് പത്രിക നൽകിയതെന്ന് നെജാദ് പിന്നീടു വ്യക്തമാക്കിയിരുന്നു. തുടർച്ചയായി രണ്ടു നാലുവർഷ കാലാവധി പൂർത്തിയാക്കിയശേഷം 2013 ഓഗസ്റ്റിലാണ് നെജാദ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്.

സ്ഥാനാർഥികളുടെ യോഗ്യതകൾ പരിശോധിച്ച് ഏപ്രിൽ 27 ന് അന്തിമ സ്ഥാനാർഥി പട്ടിക ഗാർഡിയൻ കൗണ്‍സിൽ പ്രഖ്യാപിക്കും. സ്ഥാനാർഥിത്വം ലഭിക്കുന്നവർക്ക് ഏപ്രിൽ 28 മുതൽ പ്രചാരണം ആരംഭിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.