ചരിത്രം കുറിച്ച് ബംഗ്ലാദേശ്, നൂറാം ടെസ്റ്റിൽ ലങ്കയെ ആദ്യമായി കീഴടക്കി
Sunday, March 19, 2017 6:46 AM IST
കൊളംബോ: ബംഗ്ലാദേശ് ക്രിക്കറ്റിന് തങ്ങളുടെ നൂറാം ടെസ്റ്റിൽ ചരിത്രം വിജയം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ നാലു വിക്കറ്റിന്‍റെ വിജയമാണ് മുഷ്ഫിഖുർ റഹീമും സംഘവും സ്വന്തമാക്കിയത്. അവസാന ദിവസം ആതിഥേയർ ഉയർത്തിയ 191 റണ്‍സ് വിജയലക്ഷ്യം മറികടക്കാൻ ബംഗ്ലാദേശിനെ സഹായിച്ചത് ഓപ്പണർ തമീം ഇക്ബാലിന്‍റെ (82) പ്രകടനമാണ്. ചരിത്രത്തിലാദ്യമായിട്ടാണ് ബംഗ്ലാദേശ് ശ്രീലങ്കയ്ക്കെതിരേ ടെസ്റ്റിൽ ജയം നേടുന്നത്. ആദ്യ ടെസ്റ്റിൽ ലങ്ക വിജയം കണ്ടിരുന്നു. ഇതോടെ രണ്ടു ടെസ്റ്റുകളുടെ ഇരു ടീമും പങ്കുവച്ചു. സ്കോർ: ശ്രീലങ്ക 338, 319, ബംഗ്ലാദേശ് 467, ആറിന് 191.

191 റണ്‍സ് എന്ന ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ രംഗന ഹെരാത്ത് ഓപ്പണർമാരെ നിസര സ്കോറിൽ മടക്കി. സൗമ്യ സർക്കാർ (10), ഇമ്രുൽ കൈയസ് (പൂജ്യം) എന്നിവർ പുറത്തായതോടെ ലങ്ക വിജയം മണത്തു. ലഞ്ചിനു പിരിയുന്പോൾ ബംഗ്ലാദേശ് സ്കോർ രണ്ടിന് 38. എന്നാൽ തമീം ഇക്ബാൽ കീഴടങ്ങാൻ കൂട്ടാക്കിയില്ല. കൂട്ടായെത്തിയ സബിർ റഹ്മാൻ ഉറച്ച പിന്തുണയും നല്കി.

ഈ കൂട്ടുകെട്ട് മെല്ലെ ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 109 റണ്‍സാണ് ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയത്. തമീം ഇക്ബാലിനെ(82) ദിൽരുവൻ പെരേരയാണ് പുറത്താക്കിയത്. റഹ്മാൻ (41), ഷാകിബ് അൽ ഹസൻ(15) എന്നിവർ പുറത്തായെങ്കിലും ക്യാപ്റ്റൻ മുഷ്ഫികുർ റഹിം (22 നോട്ടൗട്ട്) ടീമിനെ വിജയത്തിലേക്ക് നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.