അമേരിക്ക- പാലസ്തീൻ പ്രസിഡന്‍റുമാരുടെ കൂടിക്കാഴ്ച ഏപ്രിലിൽ
Sunday, March 19, 2017 3:53 AM IST
ഈസ്റ്റ് ജെറുസലേം: പാലസ്തീൻ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസ് ഏപ്രിലിൽ അമേരിക്ക സന്ദർശിക്കും. പാലസ്തീനിയൻ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. സന്ദർശനം സംബന്ധിച്ച വിവരങ്ങൾ വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്നും പാലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദിവസങ്ങൾക്ക് മുൻപ് അബ്ബാസ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. സംഭാഷണ മധ്യേയാണ് അബ്ബാസിനെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചത്.

ട്രംപുമായുള്ള കൂടിക്കാഴ്ച ചരിത്രപരമായ തീരുമാനങ്ങൾക്ക് വേദിയാകുമെന്നാണ് പ്രതീക്ഷയെന്ന് അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ സാമ്പത്തിക മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽ‌കാനും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.