മലപ്പുറത്ത് എം.ബി.ഫൈസൽ ഇടത് സ്ഥാനാർഥി
Saturday, March 18, 2017 2:39 AM IST
മലപ്പുറം: ഇ.അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് അംഗവുമായ എം.ബി.ഫൈസൽ ഇടത് സ്ഥാനാർഥിയാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നധ്യത്തിൽ നടന്ന മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. മുൻമന്ത്രി ടി.കെ.ഹംസ, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി.എ.മുഹമ്മദ് റിയാസ്, ജില്ലാ പഞ്ചായത്തംഗം ടി.കെ.റഷീദലി തുടങ്ങിയ പേരുകളും സിപിഎം നേതൃത്വം പരിഗണിച്ചിരുന്നു.

മലപ്പുറത്ത് ഇടത് സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ മത്സരചിത്രം വ്യക്തമായി. യുഡിഎഫ് സ്ഥാനാർഥിയായി പി.കെ.കുഞ്ഞാലിക്കുട്ടിയെയും എൻഡിഎ സ്ഥാനാർഥിയായി ശ്രീപ്രകാശിനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പിൽ മലപ്പുറം പാർലമെന്‍റ് കമ്മിറ്റിയുടെ ചുമതല എ.വിജയരാഘവൻ, എളമരം കരീം എന്നിവർക്കാണ്. മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ പ്രവർത്തന ചുമതല സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് വീതിച്ച് നൽകും. നിയോജക മണ്ഡലം സെക്രട്ടറിമാരായി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ പ്രവർത്തിക്കും. മാർച്ച് 21ന് മണ്ഡലം കണ്‍വൻഷൻ വിളിച്ചുചേർത്ത് പ്രചരണം തുടങ്ങാനാണ് സിപിഎം യോഗം തീരുമാനിച്ചത്.

ഏപ്രിൽ 12-നാണ് തെരഞ്ഞെടുപ്പ്. മാർച്ച് 23 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഇതിന് മുൻപ് രണ്ടും റൗണ്ട് പ്രചരണം നടത്താനാണ് സിപിഎം നേതൃയോഗം തീരുമാനിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.