സഹാറ, ബിർള കേസ്: ചീഫ് ജസ്റ്റീസ് പിന്മാറി
Wednesday, January 11, 2017 3:30 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധി രാഷ്ട്രീയ നേതാക്കൾക്കെതിരേ അഴിമതിയാരോപണമുയർന്ന സഹാറ, ബിർള കേഴക്കേസുകൾ പരിഗണിക്കുന്നതിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.എസ്.ഖെഹാർ പിന്മാറി. കേസ് ഇന്ന് പരിഗണനയ്ക്ക് വരുന്നതിന് തൊട്ടുമുൻപായിരുന്നു ചീഫ് ജസ്റ്റീസിന്റെ പിന്മാറ്റം. ജസ്റ്റിസ് അരുൺ മിശ്ര, അമിതാവ് റോയി എന്നിവരുൾപ്പെട്ട സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ച് കേസ് പരിഗണിക്കും.

വിവിധ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കന്മാർ സഹാറ, ബിർള എന്നീ കമ്പനികളിൽ നിന്നും കോടികൾ പാരിതോഷികമായി വാങ്ങിയിട്ടുണ്ടെന്ന പരാതിയാണ് കോടതിക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത്തരത്തിൽ പണം വാങ്ങിയിട്ടുണ്ടെന്നാണ് ആക്ഷേപം. 2013, 2014 വർഷങ്ങളിൽ സഹാറയിലും ബിർളയിലും നടന്ന റെയ്ഡുകളിൽ ഇതിന്റെ തെളിവുകൾ കണ്ടെത്തിയെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും കോമൺ കോസ് എന്ന സംഘടനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ചീഫ് ജസ്റ്റീസ് കേസ് പരിഗണിക്കുന്നതിൽ നിന്നും പിന്മാറണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടിരുന്നു.